
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ബി ജെ പി. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പാടിയിട്ടും കേരളത്തിൽ പാടാത്തത് സതീശൻ സർക്കാർ ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും കീഴടങ്ങിയത് കൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ ആരോപിച്ചു. പാർലമെന്റ് നിയമം പാസാക്കിയിട്ടും വി ഡി സതീശൻ സർക്കാർ അത് ലംഘിക്കുകയാണുണ്ടായത്. വന്ദേമാതരം പാടാത്തത് വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ ഗുരുതരമായ നിയമ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. വിഷയം മുൻനിർത്തി ബി ജെ പി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി എ ബി വി പി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. എ ഐ സി സി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യദിന ചടങ്ങിനിടയിലെ വന്ദേമാതരം ആലാപനവും അത് തടയാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചതും കോമാളിത്തരമെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.
അതേസമയം ബി ജെ പിക്കുള്ളിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് നടന്നുവെന്ന ആരോപണങ്ങൾ രാജീവ് ചന്ദ്രശേഖർ പൂർണ്ണമായും നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും അന്വേഷണ കമ്മീഷനെയോ അച്ചടക്ക സമിതിയെയോ നിയോഗിച്ചിട്ടുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ നൽകുന്ന കാരണം കാണിക്കൽ നോട്ടീസുകളും അച്ചടക്ക നടപടികളും ബി ജെ പിയുടെ ആഭ്യന്തര കാര്യങ്ങൾ മാത്രമാണെന്നും മാധ്യമ വാർത്തകൾക്ക് വസ്തുതകളുമായി ബന്ധമില്ലെന്നും എല്ലാം കെട്ടുകഥകൾ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു. പി സി ജോർജിന്റെ പ്രസംഗത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും ഫണ്ട് തട്ടിപ്പ് വിവാദങ്ങളും ബി ജെ പി സംസ്ഥാന അധ്യക്ഷൻ പൂർണ്ണമായി തള്ളിപ്പറഞ്ഞു. പാർട്ടിയിൽ യാതൊരുവിധ സാമ്പത്തിക ക്രമേടക്കേടുകളും നടന്നിട്ടില്ലെന്നും സംഭവത്തിൽ ആരോടും വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പി സി ജോർജ് തന്നെ ആരോപണം തള്ളിക്കളഞ്ഞല്ലോ എന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളെ തെറ്റായ രീതിയിൽ മാധ്യമങ്ങൾ ചിത്രീകരിക്കുകയാണെന്നും ബി ജെ പി അധ്യക്ഷൻ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam