
ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. വീടും ഭാഗികമായി കത്തി. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. ഇദ്ദേഹത്തിന്റെ മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്.
കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രൻ. ഭാര്യ നേരത്തേ മരിച്ച് പോയിരുന്നു. രണ്ട് പെൺമക്കളും അമ്മയുടെ ബന്ധുക്കൾക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരിൽ മൂത്ത മകളാണ് സൂര്യ. ഇന്ന് രാവിലെ കഞ്ഞിക്കുഴിയിൽ അയൽവാസികളാണ് സുരേന്ദ്രന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.
അതേസമയം, തിരുവനന്തപുരത്ത് നിന്നാണ് മറ്റൊരു മരണവാർത്ത. ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ടു പേർ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇവർ തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നു; അവസാനത്തെ അരമണിക്കൂറില്‍ നടന്നത് ബാല പറയുന്നു.!
ഇന്നലെ രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചത്. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ വീട്ടിൽ നിന്ന് പുറത്തുവന്ന മകൻ മുതിർന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു. തുടർന്നാണ് രക്ഷാപ്രവർത്തനം നടന്നത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.