അതിരുവിട്ട ഓണാഘോഷം: വിദ്യാർത്ഥികൾക്കെതിരെ കേസ്, മുന്നറിയിപ്പുമായി കെ ടി ജലീൽ

By Web TeamFirst Published Sep 5, 2019, 11:38 AM IST
Highlights

കോളേജിന് പുറത്ത് ജീപ്പ് റാലിയും ബൈക്ക് റാലിയും നടത്തി അപകടമുണ്ടാക്കിയ പെരിങ്ങമല ഇക്ബാൽ കോളേജിലെ വിദ്യാർത്ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ കാറ്റിൽപ്പറത്തി തലസ്ഥാനത്ത് വീണ്ടും വിദ്യാർത്ഥികളുടെ ഓണാഘോഷം. കോളേജിന് പുറത്ത് ജീപ്പ് റാലിയും ബൈക്ക് റാലിയും നടത്തി അപകടമുണ്ടാക്കിയ പെരിങ്ങമല ഇക്ബാൽ കോളേജിലെ വിദ്യാർത്ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തു. ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോളേജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പ്രതികരിച്ചു.

പൊലീസിന്‍റെ മുന്നറിയിപ്പ് മറികടന്നായിരുന്നു പെരിങ്ങമല ഇക്ബാൽ കോളജിലെ ഒരു കൂട്ടം വിദ്യാർത്ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ആഘോഷം കോളജിന് പുറത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ പൊലീസ് വിലക്കി. പക്ഷെ പൊലീസിനെയും അവഗണിച്ചുകൊണ്ട് തുറന്ന ജീപ്പും ബൈക്കുകളുമായി വിദ്യാർത്ഥികള്‍ റോഡിലേക്കിറങ്ങി. മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. റാലിക്കിടിലെ ഒരു അമ്മയെയും മകനെയും വാഹനം ഇടിച്ചിട്ടു. നിസാരപരിക്കുകളോടെയാണ് ഇവർ രക്ഷപ്പെട്ടത്. പക്ഷെ ഇവർ പരാതി നൽകാൻ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു. 

അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും കണ്ടാലറിയാവുന്ന 100 വിദ്യാർത്ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തതായി സിഐ മനോജ് പറഞ്ഞു. ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സർക്കുലർ പ്രിൻസിപ്പാൾമാര്‍ നടപ്പാക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു. ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണെന്ന് വിദ്യാർത്ഥികളും ഓർക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണാഘോഷത്തിനിടെ തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിൽ ഒരു വിദ്യാർത്ഥിനി വാഹനമിടിച്ച് മരിച്ചതിന് ശേഷം ആഘോഷങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം കൊണ്ടുവന്നിരുന്നു. കോളേജിനുള്ളിൽ വാഹനങ്ങള്‍ കയറ്റാൻ പാടില്ലെന്നായിരുന്നു പ്രധാനമായ ഒരു നിബന്ധന. ആഘോഷങ്ങള്‍ കോളേജിന് പുറത്ത് പാടില്ലെന്നും പ്രിൻസിപ്പാളിന്‍റെ മുൻകൂർ അനുമതിവാങ്ങിയ ശേഷം നിയന്ത്രണങ്ങൾക്ക് വിധേയമായി പരിപാടികള്‍ സംഘടിപ്പിക്കണമെന്നുമായിരുന്നു നി‍ർ‍ദ്ദേശം. ഈ നി‍ദ്ദേശങ്ങള്‍ കാറ്റിൽപ്പറത്തിയായ അപകടകരമാം വിധം വിദ്യാർത്ഥികളുടെ ഓണാഘോഷം.

click me!