
തൃശ്ശൂർ: അത്തം പിറന്നതോടെ ഓണ നാളുകളിലേക്ക് മിഴിതുറന്ന് ലോകമെമ്പാടുമുള്ള മലയാളികൾ. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലും ഓണാഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നടയിൽ ഭീമൻ അത്തപ്പൂക്കളമൊരുക്കി. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് മേയർ എംകെ വർഗീസ് കൊടിയുയർത്തി. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അത്തപ്പൂക്കളം ഒരുക്കിയത്. പുലർച്ചെ 3 മണിക്കാണ് അത്തപ്പൂക്കളമിടൽ ആരംഭിച്ചത്. 60 അടി വ്യാസത്തിൽ നിർമിച്ചിരിക്കുന്ന പൂക്കളത്തിൽ 1500 കിലോയോളം പൂക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. കൊടിയേറ്റിന് ശേഷം ഭിന്നശേഷിക്കാരുടെ മേളവും ഉണ്ടായി. മേളത്തിനൊപ്പം മേയറും ചുവടുവെച്ചു.