
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനം കുറിക്കാന്‍ തിരുവനന്തപുരം നഗരത്തിൽ നാളെ വര്‍ണശബളമായ ഘോഷയാത്ര. നൂറോളം കലാരൂപങ്ങളാകും സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കുക. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയെ നിറച്ചാർത്തണിയിക്കാൻ നഗരത്തിലെത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്തുനിന്നാണ് ഘോഷയാത്രയ്ക്കു തുടക്കമാകുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഘോഷയാത്രയ്ക്കു കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറും.
രാജസ്ഥാനിൽനിന്നുള്ള ചക്രി നൃത്തം, മണിപ്പൂരിൽനിന്നുള്ള ലായിഹരൗബ നൃത്തം, പഞ്ചാബിന്റെ ബംഗ്ര നൃത്തം, മഴദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ് നൃത്തം കരഗം, കർണാടകയിലെ ഡോൽ കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്റെ തപ്പാട്ട് ഗുലു നൃത്തം എന്നിവയാണ് കേരളീയ കലാരൂപങ്ങൾക്കൊപ്പം തിരുവനന്തപുരം നഗരത്തിൽ കലാവിരുന്നൊരുക്കാൻ എത്തുന്നത്.
ഇതിനൊപ്പം കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡും ഘോഷയാത്രയെ വർണാഭമാക്കും. പൂരക്കളി, വേലക്കളി, കേരള നടനം, മോഹനിയാട്ടം, അലാമികളി, ഒപ്പന, മാർഗംകളി, പൊയ്ക്കാൽ മയൂരനൃത്തം, മയിലാട്ടം, ഗരുഡൻപറവ, അർജുന നൃത്തം, ആഫ്രിക്കൻ നൃത്തം, പരിചമുട്ട് കളി തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടാനെത്തുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ മേഖലയിൽ നിന്നുള്ള സ്ഥാപനങ്ങൾ തുടങ്ങിയവർ ചേർന്ന് 80 ഓളം നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയിൽ അവതരിപ്പിക്കും.
യൂണിവേഴ്‌സിറ്റി കോളജിനു മുന്നിൽ സജ്ജമാക്കുന്ന പവലിയനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേൽ, മന്ത്രിമാർ, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസം മന്ത്രിമാർ, വിശിഷ്ടാതിഥികൾ എന്നിവർ ഘോഷയാത്ര വീക്ഷിക്കും. വിശിഷ്ടാതിഥികൾക്കു മുന്നിൽ എട്ടോളം തെയ്യം കലാരൂപങ്ങൾ അവതരിപ്പിക്കും. വൈകിട്ട് ഏഴിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam