
കൊച്ചി :സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു.
മിൽമയിൽ നിന്ന് നെയ്യ്,ക്യാഷു കോർപ്പറേഷനിൽ നിന്ന് കശുവണ്ടി പരിപ്പ്,സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ.14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്.പഞ്ചസാരയും,ചെറുപയറും,തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.
കഴിഞ്ഞ വർഷം പപ്പടവും,ശർക്കരയുമാണ് സപ്ലൈക്കോയ്ക്ക് തല വേദനയായത്.എന്നാൽ ഇത്തവണ മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ പരമാവധി കരുതലെടുത്തെന്ന് സ്പ്ലൈക്കോ. ഇ ടെൻഡർ മുതൽ പാക്കിംഗിൽ വരെയുണ്ട് മുൻവർഷത്തെ അനുഭവത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ മുന്നിൽ ഉണ്ട്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് സപ്ലൈകോ ഓണം കിറ്റ് തയാറാക്കിയത്.
90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി തയ്യാറാകുന്നത്.പാക്കറ്റ് ഉത്പന്നങ്ങളാണ് എല്ലാം. സപ്ലൈക്കോ സ്റ്റോറുകളോട് ചേർന്ന് കൂടുതൽ സ്ഥലങ്ങൾ വാടകയ്ക്ക് എടുത്തും പാക്കിംഗ് തുടരുകയാണ്.
തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ റേഷൻ കടകളിൽ ലഭ്യമായി തുടങ്ങും. അന്ത്യോദയ കാർഡ് ഉടമകൾക്ക് ആദ്യം കിറ്റ് ഉറപ്പാക്കി മുൻഗണന അനുസരിച്ച് ഓണത്തിന് മുൻപെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam