
കൊച്ചി : കൊച്ചിയില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനുളള നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്. നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് താമസ യോഗ്യമല്ലാതായി മാറിയ കൊച്ചി വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയമാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊളിക്കുന്നത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ഇതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുത്തു. ഫ്ളാറ്റ് പൊളിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ പത്തു ദിവസത്തിനകം തുടങ്ങും. നാല് മാസത്തിനകം ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനാണ് തീരുമാനം. മരട് മാതൃകയിലാവും ഫ്ളാറ്റ് പൊളിക്കല്‍ നടക്കുക. ഇതിനായുളള കമ്പനികളെ കണ്ടെത്താനുളള ടെന്‍ഡര്‍ നടപടികൾ അടുത്ത പത്തു ദിവസത്തിനകം നടക്കും.
മൂന്ന് ഫ്ളാറ്റുകളിലെ താമസക്കാരൊഴികെ മറ്റെല്ലാ കുടുംബങ്ങളും ചന്ദര്‍കുഞ്ജില്‍ നിന്ന് മാറിക്കഴിഞ്ഞു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഫ്ളാറ്റിലെ മുഴുവന്‍ താമസക്കാര്‍ക്കും പുതിയ ഫ്ളാറ്റിന്‍റെ നിര്‍മാണം പൂര്‍ത്തിയാകും വരെ പ്രതിമാസം 35,000 രൂപ വാടക തുക നല്‍കാനും ധാരണയായിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ ഫെബ്രുവരിയോടെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam