
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്. സജീർ ചെറുവണ്ണൂർ, അരുൺ മുയ്യോട്ട്, നസീർ വെള്ളിയൂർ, കൃഷ്ണനുണ്ണി വേളം, മുസ്തഫ മിദ്‌ലാജ്, റഷീദ് വാല്യക്കോട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിൻമേൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാർക്കിടയിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ പൊലീസിന് നേരെ കുപ്പി എറിയുന്നത് സ്ഥിരീകരിക്കാനായതായി പൊലീസ് പറഞ്ഞു. പൊട്ടിത്തെറി നടക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പൊലീസിന്റെ ഗ്രനേഡോ , കണ്ണീർവാതകമോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലല്ല സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്നും പേരാമ്പ്ര പൊലീസ് അറിയിച്ചു. പെരാമ്പ്രയില്‍ സംഘര്‍ഷത്തിനിടിയില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റിരുന്നു. മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെയാണ് എംപി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് ലാത്തി പ്രയോഗം നടത്തിയതെന്ന റൂറൽ എസ്പിയുടെ തുറന്നുപറച്ചിലും വിവാദമുണ്ടാക്കിയിട്ടുണ്ട്. കുഴപ്പമുണ്ടാക്കിയവരെ കണ്ടെത്തി ഇവർക്കെതിരെ നടപടിയെടുക്കുമെന്നാണ് റൂറൽ എസ്പി ഇന്നലെ പറഞ്ഞത്. സംഘർഷത്തിൽ ഷാഫി ഉൾപ്പെടെ എഴുന്നൂറോളം പേർക്കെതിരായണ് കേസെടുത്തിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam