
കണ്ണൂർ: പയ്യന്നൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് പശുക്കൾ ചത്തു. പത്തോളം പശുക്കൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമാണ്. പയ്യന്നൂരിലെ ക്ഷീര കർഷകൻ എൽഐസി ജങ്ഷന് സമീപത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂർ മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അന്നദാനത്തിന്റെ ബാക്കി വന്ന ചോറ് കഴിച്ച ശേഷമാണ് പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം.
ആകെ പത്ത് പശുക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ നാല് കിടാവുകളായിരുന്നു. പയ്യന്നൂർ വെറ്റിനറി ആശുപത്രി ഡോക്ടർമാരും സ്റ്റാഫും സ്ഥലത്തുണ്ട്. സീനിയർ വെറ്റിനറി സർജൻ കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പശുക്കളെ പരിചരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ക്ഷേത്രത്തിൽ അന്നദാനം നടന്നത്. ഇവിടെ ബാക്കി വന്ന ഭക്ഷണം അനിൽ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പശുക്കൾക്ക് നൽകി. എന്നാൽ പശുക്കൾക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ വെറ്ററിനറി ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെത്തി ചികിത്സിച്ച് മടങ്ങി. പിന്നീട് പശുക്കളുടെ നില വഷളാവുകയും രണ്ട് പശുക്കൾ ഇന്ന് ചത്തു പോവുകയുമായിരുന്നു. ചോറ് പഴകിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam