
തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടികിട്ടാപ്പുള്ളി ഷിഹാബുദ്ദീൻ അറസ്റ്റിലായി. ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് എൻഐഎ ഇയാളെ പിടികൂടിയത്. ദോഹയിൽ നിന്നാണ് ഷിഹാബുദ്ദീൻ എത്തിയത്.
2020 ജനുവരിയിലാണ് കളിയിക്കാവിള എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് വെടിവെച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്‍റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രധാനതെളിവ് കിട്ടിയത്. പ്രതികളായ തൗഫീക്കും ഷെമീമും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗ് അംഗങ്ങളാണ്.
പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് അന്നേ പറഞ്ഞിരുന്നു. പ്രതികൾ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ബാഗിൽ നിന്നാണ് ഇതു തെളിയിക്കുന്ന കുറിപ്പ് കണ്ടെടുത്തത്. നെയ്യാറ്റിൻകരയിലെ ആരാധനാലയത്തിലെ വീട്ടിൽ നിന്നാണ് ഈ ബാഗ് പൊലീസ് കണ്ടെത്തിയത്. തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരും കുറിപ്പിലുണ്ട്. കുറിപ്പിന്‍റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്നാട് പൊലീസ് അറിയിച്ചു. പുതിയ തീവ്രവാദ സംഘടനയുടെ സാന്നിധ്യം തെളിയിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. തീവ്രവാദസംഘടനയുടെ സാന്നിധ്യം ഉറപ്പായതോടെയാണ് കേസ് അന്വേഷണം എൻഐഎ ഇടപെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam