ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീൻ എംഎൽഎക്ക് എതിരെ വീണ്ടും കേസ്; ആകെ കേസുകൾ 76

By Web TeamFirst Published Oct 2, 2020, 8:15 AM IST
Highlights

നീലേശ്വരം സ്വദേശി സബീനയുടെ പരാതിയിലാണ് കേസെടുത്തത്. ഇവർ 38 പവൻ സ്വർണ്ണമാണ് നിക്ഷേപിച്ചത്. ഇതോടെ തട്ടിപ്പിൽ ആകെ രജിസ്റ്റർ ചെയ്ത കേസ് 76 ആയി. 

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ ചന്ദേര പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. നീലേശ്വരം സ്വദേശി സബീനയുടെ പരാതിയിലാണ് കേസെടുത്തത്. ഇവർ 38 പവൻ സ്വർണ്ണമാണ് നിക്ഷേപിച്ചത്. ഇതോടെ തട്ടിപ്പിൽ ആകെ രജിസ്റ്റർ ചെയ്ത കേസ് 76 ആയി. 

നിലവിൽ അന്വേഷിക്കുന്ന പതിമൂന്ന് കേസുകൾക്ക് പുറമേ അമ്പതിലധികം വഞ്ചനകേസുകളുടെ എഫ്ഐആ‌‍ർ ലോക്കൽ പൊലീസ് കൈമാറിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. എൻഫോഴ്സ്മെൻ്റ് ചന്ദേര പൊലീസിൽ നിന്ന് എഫ്ഐആർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചന്ദേര സ്റ്റേഷനിലാണ് കമറുദ്ദീന്‍റെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എറ്റവും കൂടുതൽ കേസുകളുള്ളത്.

ഫാഷൻ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കമ്പനി ഡയറക്ടർമാരുടെ വിവരങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ശേഖരിച്ചിട്ടുണ്ട്. 42 ഡയറക്ടർമാരുടെ വിവരങ്ങളാണ് ശേഖരിച്ചത്. 

click me!