
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിൻമാറാനായി കൃത്രിമ രേഖ ചമക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. യുവതിയെ കാണാനില്ലെന്ന പരാതിയിലെടുത്ത കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് എൽദോസിനെതിരെ മൊഴി നൽകിയത്. ഈ കേസില്‍ പരാതിക്കാരിയുടെ മൊഴി നാളെ വഞ്ചിയൂർ പൊലീസ് രേഖപ്പെടുത്തും.
അതേസമയം, ബലാത്സംഗ കേസിൽ എൽദോസിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാന്‍ സർക്കാർ തീരുമാനിച്ചു. എൽദോസ് അന്വേഷണവുമായി സഹരിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക. നാളെ അപ്പീൽ നൽകാനാണ് സാധ്യത. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ ജാമ്യത്തിൽ ചോദ്യം ചെയ്യൽ നടന്നുവരുന്നതിനിടെയാണ് സർക്കാർ നീക്കം. ബലാത്സംഗം കേസിലും വധശ്രമക്കേസിലും മതിയായ തെളിവുകളുണ്ട്, അതിനാൽ പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാൻ അപ്പീൽ നൽകണമെന്ന് നിയമോപദേശവും ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സുപ്രീംകോടതി വിധികള്‍ ചൂണ്ടികാട്ടിയാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്. ഇതേ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണർ അനിൽകുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി.
Read Also : എൽദോസ് കുന്നപ്പിള്ളിക്ക് സസ്പെൻഷൻ, വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി; നടപടി അംഗീകരിക്കുന്നതായി എംഎൽഎ
നേരത്തെ, എല്‍ദോസിനെ കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്ക് കോണ്‍ഗ്രസ് സസ്‍പെന്‍റ് ചെയ്തിരുന്നു. എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് സസ്‍പെന്‍ഷന്‍. ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്നും ഉടൻ നിരപരാധിത്വം തെളിയിക്കുമെന്നുമായിരുന്നു എംഎൽഎയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam