Latest Videos

മന്‍സൂര്‍ വധം; സിപിഎം പ്രവര്‍ത്തകൻ പ്രശോഭ് പിടിയിൽ, പ്രതി ജാബിറിന്‍റെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നേതാക്കൾ

By Web TeamFirst Published Apr 27, 2021, 10:44 AM IST
Highlights

പ്രശോഭിന്‍റെ വീട്ടിൽ നിന്നും ആയുധങ്ങൾ  കണ്ടെടുത്തു. വോട്ടെടുപ്പ് ദിനത്തിലെ ആക്രമണത്തിൽ ബോബെറിലാണ് മൻസൂർ കൊല്ലപ്പെട്ടത്.

കണ്ണൂര്‍: പാനൂര്‍ മൻസൂർ വധക്കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്ന് പൊലീസ് പറഞ്ഞു. പ്രശോഭിന്‍റെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. വോട്ടെടുപ്പ് ദിനത്തിലെ ആക്രമണത്തിൽ ബോബെറിലാണ് മൻസൂർ കൊല്ലപ്പെട്ടത്.

അതേസമയം കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശികനേതാവുമായ പി പി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങൾക്ക് അജ്ഞാതർ തീയിട്ടു. വീടിന് പിന്നിലെ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ഒരു കാറും രണ്ട് ബൈക്കിനുമാണ് തീയിട്ടത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. 

കണ്ണൂർ മുക്കിൽപ്പീടികയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് പിന്നിലെ ഷെഡ്ഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇവിടെ നിന്ന് ഇറങ്ങിയോടി. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിച്ചു.

വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കിയത് ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. ആക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരാണെന്നും വീട്ടിലുള്ളവരെ കൊലപ്പെടുത്താന്‍ ലക്ഷ്യം വച്ചാണ് തീയിട്ടതെന്നും എം വി ജയരാജന്‍ പറഞ്ഞു. കേസിൽ പ്രതിയായ ജാബിർ ഇപ്പോഴും ഒളിവിലാണ്. സിപിഎമ്മിന്‍റെ പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ. ജാബിറിനെ ഇപ്പോഴും പിടികൂടാത്തതിൽ സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് അർദ്ധരാത്രി ആക്രമണമുണ്ടാകുന്നത്. 

 

click me!