
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് തോലനൂര്‍ കീഴ്പാല പൂതമണ്ണില്‍ പരേതനായ കൃഷ്ണന്‍റെ മകന്‍ സുരേഷ് കൃഷ്ണന്‍(43) ആണ് മരിച്ചത്. പി.305 ബാര്‍ജിലെ മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രോജക്ട് മാനേജറായിരുന്നു. 22 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സംസ്ക്കാരം ഞായറാഴ്ച ബോംബെയില്‍ നടക്കും. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി ഉയർന്നു.
അതേസമയം, ദുരന്തത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. വയനാട് സ്വദേശി സുമേഷിന്‍റെ മൃതദേഹം മംഗലാപുരം വിമാനത്താവളം വഴിയും കൊല്ലം, കോട്ടയം, തൃശ്ശൂർ സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളം വഴിയുമാണ് നാട്ടിലെത്തിച്ചത്. ഇവിടെ നിന്ന് റോഡ് മാർഗം വീടുകളിലേക്ക് കൊണ്ട് പോയി.
ഇനിയും നാല് മലയാളികളെ കൂടി കണ്ടെത്താനുണ്ട്. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതിയിട്ടുണ്ട്. ദുരന്തത്തിൽ അകപ്പെട്ടുപോയ കേരളത്തിൽ നിന്നുള്ളവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നേരിടുന്ന മനോവിഷമം അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. അതേസമയം, നേവിയുടെ നേൃത്വത്തിൽ നടക്കുന്ന തെരച്ചിലിൽ ഇതുവരെ 66 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മുങ്ങൽ വിദഗ്ധരെ ഇന്ന് മുതൽ തെരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona