ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍, പിടിയിലായവരുടെ എണ്ണം 14 ആയി

Published : Jul 09, 2022, 11:29 AM ISTUpdated : Jul 29, 2022, 03:35 PM IST
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍, പിടിയിലായവരുടെ എണ്ണം 14 ആയി

Synopsis

ഡിവൈഎഫ്ഐ നേതാവ് ജിഷ്ണുവിനെ മർദ്ദിച്ച പുതിയോട്ടിൽ മുഹമ്മദ് ഷാക്കിറിനെ ആണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൂടി പിടിയിലായി. ഡി വൈ എഫ് ഐ  നേതാവ് ജിഷ്ണുവിനെ മർദ്ദിച്ച പുതിയോട്ടിൽ മുഹമ്മദ് ഷാക്കിറിനെ ആണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ മുസ്ലീം ലീഗ് പ്രവർത്തകനാണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെഎണ്ണം 14 ആയി.

എസ് ഡി പി ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് കോഴിക്കോട് ബാലുശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവർത്തകനായ ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ എഫ് ഐ ആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ് ഐ ആറിലുണ്ട്. മര്‍ദ്ദനമേറ്റ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതികൾക്കെതിരെ വധശ്രമത്തിന് കൂടി പൊലീസ് കേസ്സെടുത്തിരുന്നു. 

ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിൽ കഴിഞ്ഞമാസം 23 ന് പുലർച്ചെ ഒരു മണിയോടെയാണ് ഡി വൈ എഫ് ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ  30 ഓളം പേർ വളഞ്ഞിട്ടാക്രമിച്ചത്. എസ്‍ ഡി പി ഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലക്സ് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.  

‍ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസ്: എഫ് ഐആറിൽ മാറ്റം, വധശ്രമം കൂടി ചേർത്ത് പൊലീസ് 

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്‍റെ എഫ് ഐആറിൽ മാറ്റം വരുത്തി പൊലീസ്. വധശ്രമം (307) കൂടി ചേർത്തു. ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നത് അടക്കം കൂടുതൽ ദൃശ്യങ്ങൾ ലഭ്യമായ സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്. കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളായിരുന്നു ആദ്യം പൊലീസ് എഫ്ഐആറിൽ ചേർത്തിരുന്നത്. 

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിലെ കൂടുതൽ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒളിവിൽ കഴിയുന്ന എസ്‍‍ഡിപിഐ നേതാക്കളിൽ ഒരാളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം