
ഇടുക്കി: മുല്ലപ്പെരിയാർ (Mullaperiyar) അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു തുടങ്ങി. ഇതോടെ സ്പിൽവേയിലെ ഒരു ഷട്ടർ കൂടി തമിഴ്നാട് തുറന്നു. നിലവിൽ 30 സെന്‍റിമീറ്റര്‍ വീതം തുറന്നിരിക്കുന്ന രണ്ട് ഷട്ടറുകളിലൂടെ 841 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. സ്പിൽവേ ഷട്ടറുകൾ താഴ്ത്തുകയും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തും മഴ പെയ്യുന്നുണ്ട്. 2400.84 അടിയിലേക്ക് ഉയർന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ആവർത്തിച്ചുള്ള ആവശ്യം അവഗണിച്ച് ഇന്നലെ രാത്രിയിലും തമിഴ്നാട് വൻതോതിൽ വെള്ളം തുറന്നു വിട്ടിരുന്നു. ഒൻപതു ഷട്ടറുകൾ 60 സെൻറീമീറ്റർ വീതം ഉയർത്തി വെള്ളമൊഴുക്കിയത് പെരിയാർ തീരത്തെ പല വീടുകളിലും വെള്ളം കയറാൻ കാരണമായി.
അതേസമയം പുതിയ ഡാം പണിത് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ചെറുതോണിയിൽ 24 മണിക്കൂർ ഉപവാസം തുടങ്ങി. തമിഴ്നാടിന് കത്തയക്കുമ്പോൾ പോലും ശക്തമായ പ്രതിഷേധം അറിയിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് ഡീൻ കുര്യോക്കോസ് കുറ്റപ്പെടുത്തി. പ്രശ്ന പരിഹാരത്തിന് വിവിധ തരത്തിലുള്ള സമരം നടത്താൻ യുഡിഎഫ് തീരുമാനിച്ചിരുന്നു. പെരിയാർ തീരത്ത് താമസിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സംസ്ഥാന സർക്കാർ തമിഴ്നാടുമായുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഉപവാസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam