
തിരുവനന്തപുരം: ഒരു കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇന്ത്യയിൽ ഒരു കപ്പലിൽ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കങ്ങളിൽ ഒന്നാണിതെന്ന് തുറമുഖ അധികൃതർ അറിയിച്ചു. ട്രയൽ റൺ സമയത്ത് ഇത്രയധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തത് വിഴിഞ്ഞത്തെ സംബന്ധിച്ചിടത്തോളം അപൂർവ്വ നേട്ടമാണ്.
കഴിഞ്ഞ മാസം 27ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‍സി) എംഎസ്‍സി അന്ന എന്ന കപ്പലിൽ നിന്ന് കണ്ടെയ്നർ കയറ്റിറക്കിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലെന്ന പദവിയും അന്ന എന്ന മദർഷിപ്പിന് സ്വന്തമാണ്. എംഎസ്‍സി അന്നയുടെ വീതി 58.6- മീറ്ററും നീളം 399.98- മീറ്ററുമാണ്. ജലോപരിതലത്തിൽ നിന്ന് താഴോട്ടുളള ഈ കപ്പലിന്റെ ആഴം 14.9 മീറ്ററുമാണ്.
തുറമുഖത്ത് സ്ഥാപിച്ചിട്ടുളളതും ഓട്ടോമാറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതുമായ ക്രെയിനുകളുപയോഗിച്ച് കപ്പലുകളിൽ നിന്ന് കണ്ടെയ്‌നറുകൾ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റിയതിനുശേഷം സെപ്തംബർ 30ന് കപ്പൽ ശ്രീലങ്കയിലെ കൊളംബോയിലേക്ക് മടങ്ങിയിരുന്നു. ട്രയൽ റണ്ണിൽ തന്നെ സ്വായത്തമാക്കിയ ഈ നേട്ടം വരും നാളുകളിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ വിഴിഞ്ഞത്തെ പ്രാപ്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam