
വയനാട്: വൈത്തിരിയിൽ കൊക്കയിലേക്ക് വീണ സഞ്ചാരികളിൽ ഒരാൾ മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വൈത്തിരി മേലെ തളിമല ഭാഗത്തെ കൊക്കയിലാണ് കൽപ്പറ്റ പെരുന്തട്ട സ്വദേശികളായ അഞ്ചുപേർ വീണത്. അഭിജിത്തിനെ കൂടാതെ മറ്റൊരാൾക്ക് കൂടി പരിക്കുണ്ട്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സഞ്ചാര നിയന്ത്രണമുള്ള വനഭാഗത്ത് യുവാക്കളുടെ സംഘം എങ്ങനെയെത്തിയെന്നത് പോലീസ് അന്വേഷിച്ച് വരികയാണ്.
വിഴിഞ്ഞത്ത് അജ്ഞാത മൃതദേഹമടിഞ്ഞു; പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ ആളെന്ന് സംശയം
തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് ഒരു പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസം പെരുമാതുറയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. വെട്ടൂർ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാണാതായ സമദിന്റെ മൃതദേഹമാണെന്ന് ബന്ധുക്കൾ സംശയം ഉയർത്തുമ്പോഴും ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന ഇല്ലാതെ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.
അതേ സമയം, പെരുമാതുറയിൽ കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. വിഴിഞ്ഞം, ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകൾ നീക്കിയും പരിശോധന തുടരുകയാണ്. നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പൊലീസും, മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമത്തിലാണ്. അതിനായി വിഴിഞ്ഞം അദാനി പോർട്ടിൽ നിന്നും ചവറ കെഎംഎംഎല്ലിൽ നിന്നും കൂറ്റൻ ക്രെയിനുകൾ എത്തിച്ചു. ഈ ക്രെയിനുകൾക്ക് പുലിമുട്ടിലേക്ക് കടന്നുവരാൻ വഴിയൊരുക്കാൻ മരങ്ങൾ വരെ പിഴുതുമാറ്റിയാണ് വഴിയൊരുക്കിയത്.
ഇന്ന് വിഴിഞ്ഞം തുറമുഖത്തിൽ നിന്നുമെത്തിച്ച വലിയ ക്രെയിൻ ഉപയോഗിച്ച് അപകടം നടന്ന സ്ഥലത്ത് കുരുങ്ങിയ മത്സ്യബന്ധ വല ഉയർത്തി. കാണാതായവർ വലയിൽ കുരുങ്ങിയതാകുമെന്ന സംശയത്തിലാണ് വല ഉയർത്തി പരിശോധിച്ചത്. പുലിമുട്ടിലും പരിശോധ തുടരുകയാണ്. കോസ്റ്റ് ഗാർഡും തീരദേശ പൊലീസും കലയിൽ ഉള്‍കടലിലും പരിശോധന നടത്തുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam