
കല്‍പ്പറ്റ: വയനാട് മേപ്പാടി പോളിടെക്നിക്ക് കോളേജില്‍ എസ്എഫ്ഐ വനിത നേതിവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി ആദർശാണ് പിടിയിലായത്. അതേസമയം കോളേജിലെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മേപ്പാടി കോളേജിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗമാണ് പിടിയിലായ ആദർശ്.
പിടയിലായ പ്രതിക്ക് കോളേജിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. എസ്എഫ്ഐ വനിതാ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ നേരത്തെ ആറ് പേരാണ് അറസ്റ്റിലായത്. ഇതിൽ കോളേജ് യൂണിയൻ അംഗവും കെഎസ്‍യു പ്രവർത്തകനുമായ മുഹമ്മദ് ഫർഹാന് മാത്രമാണ് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നത്. റിമാൻഡിലായ അലൻ ആന്‍റണി, കിരൺ രാജ്, അതുൽ കെ.ടി, മുഹമ്മദ് ഷിബിലി എന്നിവർ മുൻ എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയ രണ്ട് വിദ്യാർത്ഥികളെയാണ് കോളേജ് സസ്പെന്‍റ് ചെയ്തത്.
എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി വിഷ്ണു, അഭിനവ് എന്നിവരാണ് നടപടി നേരിട്ടത്. മേപ്പാടി പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയാൽ സംഘർഷത്തിൽ കുറ്റക്കാരായ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താകാനാണ് തീരുമാനം. ക്യാന്പസിലെ ട്രാബിയോക്ക് എന്ന സംഘത്തെ കുറിച്ചുള്ള നർക്കോട്ടിക് സെൽ അന്വേഷണം പ്രതികളിലേക്ക് എത്തിയില്ല.
ലഹരി ഉപയോഗിക്കുന്ന വീഡിയോ മാത്രം തെളിവായി കണ്ട് കേസെടുക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. കോളേജിലെ ലഹരി ഉപയോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ റിമാൻഡിലായ പ്രതികളെ ചോദ്യം ചെയ്യേണ്ടി വരും. മേപ്പാടി മേഖലയിൽ റിസോർട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More : എഞ്ചിനീയറിംഗ് കോളേജ് പരിപാടിക്കിടെ ബുർഖ ധരിച്ച് ഡാൻസ്; കർണാടകയിൽ 4 ആൺകുട്ടികളെ സസ്പെൻഡ് ചെയ്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam