
തിരുവനന്തപുരം: സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയൽ നീക്കം നിലച്ചിട്ട് നാലാം ദിവസം. സോഫ്റ്റ്‍വെയര്‍ കൈകാര്യം ചെയ്യുന്ന ദില്ലിയിലെ നാഷണൽ ഇൻഫൊര്‍മാറ്റിക് സെന്‍റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചുവെന്ന് പറയുന്നുവെങ്കിലും ഡിജിറ്റൽ ഫയലുകൾ തുറക്കാനുള്ള ബുദ്ധിമുട്ട് തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് രണ്ടേമുക്കാൽ മുതൽ തടസ്സപ്പെട്ട സോഫ്റ്റ്‍വെയര്‍ തകരാറാണ് ഇപ്പോഴും തുടരുന്നത്. സാങ്കേതിക തടസ്സം വിവിധ വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചു.
ഇത് ആദ്യമായാണ് സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം ഇത്രയധികം ദിവസം തടസ്സപ്പെടുന്നത്. വിവരങ്ങൾ സൂക്ഷിക്കുന്ന സര്‍വറിലുണ്ടായ ഹാര്‍ഡ്‍വെയര്‍ തകരാറാണ് പ്രശ്നനത്തിന് കാരണം. സെക്രട്ടേറിയറ്റിലെ 99 ശതമാനം ഫയലുകളും ഡിജിറ്റലായാണ് കൈകാര്യം ചെയ്യുന്നത്. അത്യാവശ്യ ഫയലുകൾ കൈകാര്യം ചെയ്യാൻ പോലും കഴിഞ്ഞ അഞ്ച് ദിവസമായി കഴിഞ്ഞിരുന്നില്ല. ഒരു ഫയൽ നമ്പറിട്ട് കൊടുക്കാനോ കോടതി വ്യവഹാരങ്ങൾ അടക്കം അടിയന്തര ഫയലുകളുടെ നമ്പറെടുക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു സര്‍ക്കാര്‍ ഓഫീസുകൾ.
സാധാരണക്കാരായ നൂറ് കണക്കിനാളുകൾ വന്ന് മടങ്ങിയപ്പോൾ ഉദ്യോഗസഥരെല്ലാം വെറുതെ ഇരുന്നു. ഇതികം തന്നെ കാലാവധി നീട്ടിയ ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിനും ഉണ്ടായി അഞ്ച് ദിവസത്തെ മുടക്കം. ഫയലുകൾ കുമിഞ്ഞുകൂടി. ക്ഷേമ പെൻഷൻ വിതരണം അടക്കം അത്യാവശ്യ ഫയലുകളും സോഫ്റ്റ്‍വെയര്‍ കുരുക്കിൽപ്പെട്ടു. ഫണ്ട് റിലീസ് ചെയ്യാനുള്ള ഉത്തരവ് പോലും ഇറക്കാനായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സോഫ്റ്റ്‍വെയറിന്‍റെ പുതിയ പതിപ്പിലേക്ക് മാറുന്നതിന്‍റെ ഭാഗമായി ജനുവരിയിൽ അഞ്ച് ദിവസത്തേക്ക് ഫയൽ നീക്കം തടസ്സപ്പെട്ടിരുന്നു. ഒരുദിവസം കുറഞ്ഞത് 30,000 ഫയലുകൾ സെക്രട്ടേറിയറ്റിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. 1500 പുതിയ ഫയലുകൾ ദിനേനയുണ്ടാകുന്നു. ഒരു പേജുള്ള ഫയൽ മുതൽ 1000 പേജുള്ള ഫയൽവരെയാണ് സെക്രട്ടേറിയറ്റിലെത്തുന്നത്.