വിദ്യാർത്ഥി മരിച്ച സംഭവം; ഒത്തുകളിച്ച് സ്കൂൾ അധികൃതരും എംവിഡിയും; ബസിന് അപകടസമയത്ത് പെർമിറ്റുണ്ടായിരുന്നില്ല

Published : Oct 18, 2022, 09:00 AM ISTUpdated : Oct 18, 2022, 09:41 AM IST
വിദ്യാർത്ഥി മരിച്ച സംഭവം; ഒത്തുകളിച്ച് സ്കൂൾ അധികൃതരും എംവിഡിയും; ബസിന് അപകടസമയത്ത് പെർമിറ്റുണ്ടായിരുന്നില്ല

Synopsis

അപകടം നടക്കുമ്പോൾ ബസ്സിന് പെർമിറ്റ് ഇല്ലായിരുന്നു എന്നതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. സ്കൂൾ അധികൃതർ പെർമിറ്റ് പുതുക്കിയത് ഇന്നലെ രാത്രി 7. 24ന്. 

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂർ സ്കൂളിലെ ബസ്സ് അപകടത്തിൽ സ്കൂൾ അധികൃതരുടെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കള്ളക്കളി പുറത്ത്. അപകടം നടന്നതിനു തൊട്ടു പുറകെ ബസ്സിന്റെ പെർമിറ്റ് പുതുക്കി നൽകി.  അപകടം നടക്കുമ്പോൾ ബസ്സിന് പെർമിറ്റ് ഇല്ലായിരുന്നു എന്നതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. സ്കൂൾ അധികൃതർ പെർമിറ്റ് പുതുക്കിയത് ഇന്നലെ രാത്രി 7. 24ന്. പുതുക്കിയ പെർമിറ്റിന്റെ പകർപ്പ്  ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഈ വർഷം ആഗസ്റ്റിലാണ് ബസിന്റെ പെർമിറ്റ്  കാലാവധി അവസാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് രം​ഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ പെർമിറ്റ് പുതുക്കാൻ സ്കൂൾ അധികൃതർ അപേക്ഷ നൽകിയിരുന്നു എന്നും 7500 രൂപ പിഴതുക ഈടാക്കി എന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിക്കുന്നു. വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസ് കേസ് എടുത്തു. 

കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ്  ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്.

അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോള്‍, ചക്രങ്ങൾ കുഴിയിൽ  അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്കൂൾ ബസില്‍ ഉരസുകയും ചെയ്തു. ബസുകൾക്കിടെയില്‍ ഉണ്ടായിരുന്ന കുട്ടി ഇതിനിടയിൽപ്പെട്ടതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാഹിഷിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാഴൂർ സ്വദേശി ബാവയുടെ മകനാണ്  ബാഹിഷ്. കുട്ടിയുടെ മരണത്തിന് പിന്നാലെ സ്കൂളിനെതിരെ ഗുരുതര ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് സ്കൂള്‍ അധികൃതർ പൊലീസിനെയുൾപ്പെടെ അറിയിക്കാൻ ഏറെ വൈകിയെന്നാണ് പരാതി. അപകടമുണ്ടാക്കിയ കെ എൽ 57 ഇ 9592 എന്ന സ്കൂൾ ബസിന് സർവ്വീസ് നടത്താൻ പെർമിറ്റില്ലെന്നും ആരോപണമുണ്ട്. മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ, ഓഗസ്റ്റ് മാസത്തോടെ പെർമിറ്റ് കാലാവധി തീർന്നതായാണ് കാണുന്നത്.

സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതടക്കമുള്ള ഗുരുതര വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ആരോപണം. എന്നാൽ പെർമിറ്റ് പുതുക്കിയതെന്നും  വെബ്സൈറ്റിൽ കാണാത്തത് സാങ്കേതിക പിഴവാകാമെന്നുമാണ് സ്കൂൾ അധികൃതർ വിശദീകരിക്കുന്നത്.  കുട്ടിക്ക് ചികിത്സ നൽകുന്ന കാര്യത്തിലുൾപ്പെടെ അലംഭാവമുണ്ടായിട്ടില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു. 

സ്കൂള്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി, പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്‍റെ ജീവന്‍; സ്കൂളിനെതിരെ ഗുരുതര ആരോപണം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ