
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ ചികിത്സാ തട്ടിപ്പുകൾ തുറന്ന് കാട്ടണമെന്ന ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ വിവാദം. ഓൺലൈൻ ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്ന ഫിറോസ് കുന്നുംപറമ്പിലിനെ അനുകൂലിക്കുന്നവർ മന്ത്രിയെ വിമർശിച്ച് രംഗത്തെത്തി. ആരാണ് തട്ടിപ്പ് നടത്തുന്നതെന്ന് മന്ത്രി കൃത്യമായി വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.
സാമൂഹ്യ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിനെ അനുകൂലിക്കുന്നവരും സിപിഎം അനുഭാവികളും തമ്മിൽ ഏറെ നാളായി സമൂഹമാധ്യമങ്ങളിൽ വലിയ തർക്കമാണ്. ഓൺലൈൻ അറിയിപ്പുകളിലൂടെ പണം സ്വരൂപിച്ച് പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായം എത്തിക്കലാണ് ഫിറോസിന്‍റെ രീതി.
കേരള പുനർനിർമ്മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ പണം കിട്ടാതിരുന്ന വിവരം പുറത്ത് വന്നതോടെ ഒരു ദിവസം കൊണ്ട് വൻതുക ശേഖരിക്കുന്ന ഫിറോസാണ് ഭേദം എന്ന മട്ടിലും വിമർശനം ഉണ്ടായി. അതിനിടെ ഫിറോസ് ശേഖരിക്കുന്ന പണത്തിന്‍റെ കണക്കിനെ കുറിച്ചും ചോദ്യങ്ങള്‍ ഉയർന്നു.
ഇതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പോസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള സഹായ അഭ്യർത്ഥനക്ക് മറവിലെ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ കെ ശൈലജ അറിയിച്ചു. സാമൂഹ്യ സുരക്ഷാ മിഷന്‍റെ കീഴിലുള്ള വീ കെയർ പദ്ധതിയുടെ അക്കൗണ്ട് വഴി വിദേശത്തുള്ളവർക്കടക്കം ചികിത്സാ സഹായം നൽകാമെന്നും പോസ്റ്റിൽ പറയുന്നു.
സർക്കാർ വഴി പണമയച്ചാൽ രോഗിക്ക് വൈകി മാത്രമേ കിട്ടൂ എന്നും ഫിറോസിന്‍റെ അക്കൗണ്ടിൽ കൊടുത്താൽ വേഗം സഹായം കിട്ടും എന്നൊക്കെ രീതിയിലാണ് മന്ത്രിക്കെതിരെ വിമർശനം. അതേ സമയം മന്ത്രിയുടെ ഉദ്ദേശശുദ്ധിയെ എന്തിന് സംശയിക്കുന്നുവെന്ന് പറയുന്നവരും ഉണ്ട്.
തട്ടിപ്പുകാർക്കെതിരെ നടപടി വേണമെന്ന നിലപാടിനോട് യോജിപ്പുണ്ടെന്നാണ് ഫിറോസിന്‍റെ അഭിപ്രായം. പക്ഷെ ഇത്തരക്കാരുടെ കൃത്യമായ വിവരം പറഞ്ഞില്ലെങ്കിൽ എല്ലാവരെയും സംശയിക്കുമെന്ന് ഫിറോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam