Silver Line : കേരളത്തിന് അഭികാമ്യം സബര്‍ബന്‍ എന്നാവർത്തിച്ച് ഉമ്മൻചാണ്ടി; കെ റെയിലുമായുള്ള വ്യത്യാസങ്ങൾ ഇങ്ങനെ

Published : Jan 12, 2022, 09:08 PM IST
Silver Line : കേരളത്തിന് അഭികാമ്യം സബര്‍ബന്‍ എന്നാവർത്തിച്ച് ഉമ്മൻചാണ്ടി; കെ റെയിലുമായുള്ള വ്യത്യാസങ്ങൾ ഇങ്ങനെ

Synopsis

വികസന പ്രവര്‍ത്തനങ്ങളില്‍ വമ്പന്‍ പരാജയമായ പിണറായി സര്‍ക്കാരിന് സില്‍വര്‍ലൈന്‍ പോലൊരു പദ്ധതി നടപ്പാക്കാനുള്ള കാഴ്ചപ്പാടോ ഇച്ഛാശക്തിയോ ഇല്ല. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സബര്‍ബന്‍ ലൈന്‍ പദ്ധതിയാണ് കേരളത്തിന് അഭികാമ്യം. സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി. 

തിരുവനന്തപുരം: വെറും 10.7 കിമീ ദൂരമുള്ളതും 16.2 ഏക്കര്‍ ഭൂമി ആവശ്യമുള്ളതുമായ വിഴിഞ്ഞം റെയില്‍  കണക്ടീവിറ്റി പാത 6 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഇടതുസര്‍ക്കാരാണ് (Left Government) 2 ലക്ഷം കോടി രൂപ ചെലവും 530 കിമീ ദൈര്‍ഘ്യവും 3417 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതുമായ സില്‍വര്‍ലൈന്‍ (Silver Line) പദ്ധതി നാലു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുമെന്നു  പറയുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി (Oommen Chandy). വികസന പ്രവര്‍ത്തനങ്ങളില്‍ വമ്പന്‍ പരാജയമായ പിണറായി സര്‍ക്കാരിന് സില്‍വര്‍ലൈന്‍ പോലൊരു പദ്ധതി നടപ്പാക്കാനുള്ള കാഴ്ചപ്പാടോ ഇച്ഛാശക്തിയോ ഇല്ല. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സബര്‍ബന്‍ ലൈന്‍ പദ്ധതിയാണ് കേരളത്തിന് അഭികാമ്യം.

സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി. ഇന്ത്യന്‍ റെയില്‍വെ ഏറ്റവുമൊടുവില്‍ പ്രോത്സാഹിപ്പിക്കുതും ഈ പദ്ധതിയെയാണ്. യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്നതാണ് പദ്ധതിയെ ആകര്‍ഷകമാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ്  സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്.  നിര്‍മാണ പൂര്‍ത്തിയാകുമ്പോള്‍ സില്‍വര്‍ ലൈന് 2 ലക്ഷം കോടി രൂപ ചെലവു വരുമെന്നു പ്രതീക്ഷിക്കുന്നു. 20,000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 3417 ഏക്കര്‍ സ്ഥലം  ഏറ്റെടുക്കേണ്ടി വരും.

കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന  സില്‍വര്‍ ലൈനെതിരേ  ഉയര്‍ന്ന  എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള പരിഹാരമാണ് സബര്‍ബന്‍ റെയില്‍. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്  2007-08ലെ ബജറ്റില്‍ സില്‍വര്‍ ലൈന്  സമാനമായ അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുകയും  ഡിഎംആര്‍സിയെ കസള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. അവര്‍  പ്രാഥമിക പദ്ധതി  റിപ്പോര്‍ട്ട്  സമര്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്.   എന്നാല്‍  1.27 ലക്ഷം കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് യുഡിഎഫ് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

തുടര്‍ന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ  സബര്‍ബന്‍ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങൂര്‍വരെയുള്ള 125 കിമീ ആണ് പൈലറ്റ് പദ്ധതിയായി  ആദ്യം എടുത്തത്. അതിന് 70 ഏക്കര്‍ സ്ഥലം മതി. നിലവിലുള്ള ലൈനുകളില്‍ക്കൂടി മാത്രമാണ് സബര്‍ബന്‍ ഓടുന്നത്. ചെങ്ങന്നൂര്‍ വരെ ഇരട്ടപ്പാത ഉണ്ടായിരുന്നതുകൊണ്ടും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്.

എല്ലാ അനുമതിയും ലഭിച്ചാല്‍ 3 വര്‍ഷംകൊണ്ട് പദ്ധതി നടപ്പാക്കാനാകും. നിലവിലുള്ള സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവര്‍ത്തുക, പ്ലാറ്റ്‌ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികള്‍. ഇതോടെ നിലവിലുള്ള ട്രെയിനുകളുടെ വേഗത വര്‍ധിക്കുതോടൊപ്പം ഇരുപതോളം മെമു മോഡല്‍ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട് 160 കിമീ വേഗതയില്‍ ഓടിക്കുവാനും കഴിയും. പൈലറ്റ് പദ്ധതിക്കുശേഷം കണ്ണൂര്‍ വരെ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനായിരുന്നു പരിപാടി. 125 കി.മീറ്ററിന് 1943 കോടി രൂപ വച്ച് 530 കിമീ പൂര്‍ത്തിയാക്കാന്‍ പതിനായിരം കോടിയോളം രൂപയും 75 ഏക്കര്‍ വച്ച് സ്ഥലമെടുത്താല്‍ 300 ഏക്കറോളം സ്ഥലവും മതി.

മുംബൈ റെയില്‍ കോര്‍പറേഷന്റെ സഹായത്തോടെ തയാറാക്കിയ സബര്‍ബന്‍ പദ്ധതിയുടെ ഡിപിആര്‍ കേന്ദ്രത്തിന് അയച്ചുകൊടുത്തു. സബര്‍ബന്‍ ഉള്‍പ്പെടെയുള്ള വിവിധ റെയില്‍ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരും (49%) സംസ്ഥാന സര്‍ക്കാരും (51%) ചേര്‍ന്ന് സംയുക്ത സംരംഭത്തിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ മുന്നോട്ടുപോകാനായില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

തിരുവനന്തപുരം - ചെങ്ങന്നൂർ സബര്‍ബന്‍ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നു സൂചിപ്പിച്ച് റെയില്‍വെ മന്ത്രാലയം കേരളത്തിനു കത്ത് നൽകിയത് 2017 ഡിസം ഏഴിനാണ്. 2014ല്‍ കേന്ദ്രത്തിലും 2016ല്‍ കേരളത്തിലും ഭരണമാറ്റം സംഭവിച്ചതിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം  ഉണ്ടായത്. ഇരു സര്‍ക്കാരുകളും താത്പര്യം കാട്ടാതിരുന്നപ്പോള്‍ മാത്രമാണ് റെയില്‍വെ ഇങ്ങനെയൊരു നിലപാട് എടുത്തത്. സിപിഎമ്മിന്റെ റെയില്‍വേ യൂണിയന്‍ തൊഴിലാളികള്‍ പദ്ധതിക്കെതിരേ വന്‍ പ്രചാരണവും നടത്തി. പിണറായി സര്‍ക്കാരിന്റെ കാലത്താണ് അതിവേഗ റെയിലിന്റെ അന്തിമ റിപ്പോര്‍ട്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ നൽകിയത്. എന്നാല്‍ വിഎസ് സര്‍ക്കാരിന്റെ അതിവേഗ റെയിലും യുഡിഎഫ് സര്‍ക്കാരിന്റെ സബര്‍ബന്‍ റെയിലും ഒഴിവാക്കിയാണ് പിണറായി സര്‍ക്കാര്‍ കെ റെയിലിന്റെ പിന്നാലെ പോയതെന്നും ഉമ്മൻചാണ്ടി വിമർശിച്ചു.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം