
കണ്ണൂർ: മുഖ്യമന്ത്രിക്ക് നേരെയുണ്ടായ കല്ലേറിന്‍റെ കഥയുണ്ട് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ. എൽഡിഎഫിന്‍റെ സോളാർ സമരകാലത്ത് കണ്ണൂരിൽ കല്ലേറിൽ പരിക്കേറ്റു ഉമ്മൻ ചാണ്ടിക്ക്. പ്രതികളോട് പിൽക്കാലത്ത് അദ്ദേഹം ചിരിച്ചു. കല്ലെറിഞ്ഞവരെ കണ്ടാലറിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് പ്രതിഭാഗത്തെപ്പോലും അമ്പരപ്പിച്ചു.
2013 ഒക്ടോബർ 27.കേരള ചരിത്രത്തിൽ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിന്‍റെ ചില്ല് തകർത്തൊരു കല്ല് പതിച്ച ഒരേയൊരു ദിവസം. ഇടതുമുന്നണിയുടെ പ്രതിഷേധങ്ങൾക്കിടയിലൂടെ കണ്ണൂരിലെ പൊലീസ് മൈതാനിയിലേക്ക് വന്ന ഉമ്മൻ ചാണ്ടിയുടെ കാർ. മുദ്രാവാക്യങ്ങൾക്കൊപ്പം കമ്പും കല്ലുകളും. അതിലൊന്ന് ചില്ല് തകർത്തു. മുഖ്യമന്ത്രിയുടെ നെറ്റി മുറിഞ്ഞു.ചോരപ്പാടുളള മുഖവുമായി പൊലീസ് അത്ലറ്റിക്സ് മീറ്റിന്‍റെ സമാപന ചടങ്ങിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തു.
പിന്നീട് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം മുഖ്യമന്ത്രിക്ക് നേരെയുളള വധശ്രമക്കേസായി. രണ്ട് സിപിഎം എംഎൽഎമാർ ഉൾപ്പെടെ 113 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. 10 വർഷം നീണ്ട വിചാരണക്കൊടുവിൽ 2023 മാർച്ച് 27ന് മൂന്ന് പേർ കുറ്റക്കാരെന്ന് വിധി വന്നു. അതിലൊരാൾ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം സിഓടി നസീർ ആയിരുന്നു. 2018ൽ നസീർ ഉമ്മൻ ചാണ്ടിയെ കണ്ടു. വിദ്വേഷത്തിന്‍റെ കണികയില്ലാതെ ഉമ്മൻ ചാണ്ടി കൈ കൊടുത്തു.
മുപ്പത്തിമൂന്നാം സാക്ഷിയായിരുന്നു മുൻ മുഖ്യമന്ത്രി. അസുഖം ശബ്ദത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കെയാണ് കോടതിയിൽ അദ്ദേഹം ഹാജരാകുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു അത്. അറിയാത്തത് ഉമ്മൻ ചാണ്ടി പറഞ്ഞില്ല. അതുകൊണ്ട് അധികമാരും കുറ്റക്കാരായില്ല. കല്ലറയിലേക്ക് ഉമ്മൻ ചാണ്ടി മടങ്ങുന്നു. ഒരു കല്ലേറും ചില്ലുതകർന്നൊരു സ്റ്റേറ്റ് കാറും അടയാളമായി ബാക്കിയാകുന്നു.
ഉമ്മൻചാണ്ടിക്ക് പിന്നാലെ കോട്ടയത്ത് കുടുംബത്തിൽ വീണ്ടും മരണം, പിതൃസഹോദരി അന്തരിച്ചു