
തിരുവനന്തപുരം: 20 ന് രണ്ടാം പിണറായി സര്‍ക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന കാര്യത്തിൽ അഭിപ്രായ രൂപീകരണത്തിന് കോൺഗ്രസിനകത്ത് തിരക്കിട്ട ചര്‍ച്ചകൾ. ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന അഭിപ്രായം ഹൈക്കമാന്‍റ് പ്രതിനിധികളെ അറിയിക്കും. ഇക്കാര്യത്തിൽ ഇന്ന് തന്നെ ഒരു തീരുമാനം ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
ഹൈക്കമാന്റ് പറഞ്ഞാൽ മാറി നിൽക്കാമെന്ന് ആദ്യം നിലപാട് എടുത്തെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് പെട്ടെന്ന് ഒരു മാറ്റത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല വിഭാഗത്തിന് ഇപ്പോഴുള്ളത്. സർക്കാനിനെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷം നിര്‍ണ്ണായക നിലപാട് എടുത്ത രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരട്ടെ എന്നും അധികാര തലത്തിൽ പാര്‍ട്ടിയിലാകെ മാറ്റം വരട്ടെ എന്ന് വാദിക്കുന്നവരും ഉണ്ടെങ്കിലും രമേശ് ചെന്നിത്തലയുടെ പേരിൽ അഭിപ്രായ സമന്വയം ഇതുവരെ ഉണ്ടായിട്ടില്ല.
എ ഗ്രൂപ്പും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് പ്രതിനിധികൾ തിരുവനന്തപുരത്ത് യോഗം ചേരുന്നുമുണ്ട്. ഉമ്മൻചാണ്ടി വിഭാഗത്തിന്റെ പിന്തുണ കിട്ടും എന്ന് തന്നെയാണ് രമേശ് ചെന്നിത്തല അവസാന നിമിഷം വരെയും കണക്ക് കൂട്ടുന്നതും. ഗ്രൂപ്പ് പ്രതിനിധികളായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും പിടി തോമസിന്റെയും എല്ലാം പേര് ആദ്യ ഘട്ടത്തിൽ ഉയര്‍ന്ന് വന്നിരുന്നെങ്കിലും അന്തിമ പരിഗണനയിൽ ഇരുവരും ഇല്ലെന്നാണ് വിവരം.
കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി പിൻമാറിയതോടെയാണ് രമേശ് ചെന്നിത്തലക്ക് എളുപ്പം വഴിയൊരുങ്ങിയത്. മികച്ച പാര്‍ലമെന്റേറിയൻ എന്ന നിലയിൽ വിഡി സതീശന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. ഗ്രൂപ്പിന് അതീതമായി ഒറ്റക്കൊറ്റക്ക് ഹൈക്കമാന്റ് പ്രതിനിധികൾക്ക് മുന്നിലെത്തുമ്പോൾ എംഎൽഎമാരുടെ പിന്തുണ കിട്ടിയേക്കുമെന്ന വിശ്വാസം ആണ് വിഡി സതീശനുമുള്ളത്. അതേ സമയം മാറ്റത്തോട് ഒപ്പമാണോ ഹൈക്കമാന്റ് നിലപാടെന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തിൽ ഏറെ നിര്‍ണ്ണായകമാകും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam