
കോട്ടയം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെ ബെവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും നിരാശാജനകമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന് വരുമാനം ലഭിക്കാന്‍ വേണ്ടി കരുവാക്കുന്നത് പാവപ്പെട്ട വലിയൊരു ജനവിഭാഗത്തെയാണ്. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ അഞ്ഞൂറിലേറെ ബാറുകള്‍ തുറന്നുകൊടുത്ത സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നടപടികള്‍ക്ക് പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും നല്ല പിന്തുണയാണ് നല്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബിവറേജസ് കടകളും ബാറുകളും മാത്രം നിര്‍ബാധം തുറന്നുപ്രവര്‍ത്തിക്കുന്നു. ഇത്തരം 1200ലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്നത്. യാതൊരുവിധ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഇവിടെങ്ങളിലില്ലെന്ന് എല്ലാവര്‍ക്കും അറിയാം.
സമൂഹ വ്യാപനമെന്ന അപകടകരമായ ഘട്ടത്തിലേക്ക് കോവിഡ് 19 കടക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരും സമൂഹവും സര്‍വവിധ സജീകരണങ്ങളും സംവിധാനങ്ങളും വിഭവങ്ങളും ഉപയോഗിച്ച് അതിശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍, ചില പഴുതകള്‍ ഒഴിച്ചിടുന്നത് അപകടകരമാണ്. ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam