
തിരുവനന്തപുരം: കര്‍ഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രാജ്യദ്രോഹ കേസെടുത്ത സംഭവത്തില്‍ തരൂരിന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി. ശശി തരൂരിനെതിരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ഉമ്മന്‍ചാണ്ടി തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്. പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റുമായി തരൂരും എത്തി. ''താങ്ക്യൂ ഓസി ചേട്ടാ, എല്ലാ പിന്തുണയ്ക്കും നന്ദി'' എന്നായിരുന്നു ശശി തരൂരിന്‍റെ കമന്‍റ്.
പ്രാഥമിക അന്വേഷണം പോലും നടത്താതെയുള്ള ഈ കിരാത നടപടിക്ക് പിന്നില്‍ കര്‍ഷക സമരം പൊളിക്കാന്‍ നടത്തുന്ന ഗൂഢാലോചനയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ജീവന്‍ പണയം വെച്ച് പോരാടുന്ന രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്ക് പ്രണാമം- ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ശശി തരൂരിനെ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരെയും രാജ്യദ്രോഹകുറ്റമാണ് ബിജെപി ഭരിക്കുന്ന യുപി സര്‍ക്കാര്‍ ചുമത്തിയത്.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പൊലീസാണ് തരൂരടക്കം എട്ട് പേർക്കെതിരെ കേസെടുത്തിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam