അഞ്ച് തവണ വിജയിച്ച രാജു എബ്രഹാം റാന്നിയില്‍ മത്സരിച്ചേക്കില്ല; ആരാകും പകരക്കാരന്‍?

By Web TeamFirst Published Jan 29, 2021, 8:57 PM IST
Highlights

ഭാവിയില്‍ ലോക്‌സഭ സീറ്റിലേക്ക് അടക്കം പരിഗണിച്ചാണ് രാജുവിനെ ഇത്തവണ മാറ്റി നിര്‍ത്താന്‍ ഒരുങ്ങുന്നത്. രാജു എബ്രഹാം പിന്മാറിയാല്‍ യുവ നേതാവും പിഎസ്‌സി അംഗവുമായ റോഷന്‍ റോയ് മാത്യു, ഓര്‍ത്തോഡോക്‌സ് വൈദികന്‍ മാത്യൂസ് വാഴക്കുന്നം എന്നിവരുടെ പേര് ഉയര്‍ന്നുവരുന്നുണ്ട്.
 

റാന്നി: അഞ്ച് തവണ റാന്നിയില്‍ മത്സരിച്ച് ജയിച്ച രാജു എബ്രഹാം ഇത്തവണ മത്സരിച്ചേക്കില്ല. സിപിഎം തന്നെ മത്സരിച്ചാല്‍ പുതുമുഖ സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് ആലോചന. അതേസമയം റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

1996 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം അന്നുവരെ ജയിച്ചിട്ടില്ലാത്ത റാന്നി മണ്ഡലത്തില്‍ പാര്‍ട്ടി ഏരിയ സെക്രട്ടറി ആയിരുന്ന 35കാരന്‍ രാജു എബ്രഹാമിന് സ്ഥാനാര്‍ത്ഥിയാക്കി പരീക്ഷണം നടത്തി. കന്നി അങ്കത്തില്‍ യുഡിഎഫ് കോട്ട തകര്‍ത്ത്, കോണ്‍ഗ്രസിലെ പീലിപ്പോസ് തോമസിനെ 3429 വോട്ടിന് തോല്‍പ്പിച്ച് രാജു എബ്രഹാം നിയമസഭയിലെത്തി. പീന്നിട് തുടര്‍ച്ചയായി 25 വര്‍ഷമാണ് റാന്നിയില്‍ രാജു എബ്രഹാം ചെങ്കൊടി പാറിച്ചത്. പാര്‍ട്ടിയില്‍ അധികം ആര്‍ക്കും കിട്ടാത്ത അവസരമാണിത്. 

ഭാവിയില്‍ ലോക്‌സഭ സീറ്റിലേക്ക് അടക്കം പരിഗണിച്ചാണ് രാജുവിനെ ഇത്തവണ മാറ്റി നിര്‍ത്താന്‍ ഒരുങ്ങുന്നത്. രാജു എബ്രഹാം പിന്മാറിയാല്‍ യുവ നേതാവും പിഎസ്‌സി അംഗവുമായ റോഷന്‍ റോയ് മാത്യു, ഓര്‍ത്തോഡോക്‌സ് വൈദികന്‍ മാത്യൂസ് വാഴക്കുന്നം എന്നിവരുടെ പേര് ഉയര്‍ന്നുവരുന്നുണ്ട്. മാത്യൂസ് വാഴക്കുന്നം മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം ജോസ് കെ മാണി ആവശ്യപ്പെടുന്ന പതിനഞ്ച് സീറ്റുകളിലൊന്ന് റാന്നി. 

കേരള കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചാല്‍ ജില്ലാ പ്രസിഡന്റ് എന്‍എം രാജുവിനാണ് സാധ്യത. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാമും പരിഗണിക്കപ്പെടുന്നുണ്ട്. രാജ്യസഭ സീറ്റ് എന്‍എം രാജുവിന് നല്‍കിയാല്‍ ക്‌നാനായ സഭയിലെ സ്റ്റീഫന്‍ ജോര്‍ജിനും സാധ്യതയുണ്ട്. 

click me!