തലപ്പത്ത് ഉമ്മൻചാണ്ടി: തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ 10 അംഗ സമിതി, ചെന്നിത്തലയും മുല്ലപ്പള്ളിയും അംഗങ്ങൾ

By Web TeamFirst Published Jan 18, 2021, 3:02 PM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവർ, കെസി വേണുഗോപാൽ, കെ മുരളീധരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വിഎം സുധീരൻ എന്നിവരും കമ്മിറ്റിയിലുണ്ട്. പത്ത് പേരടങ്ങിയതാണ് കമ്മിറ്റി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എകെ ആന്‍റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡിന്‍റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിരുന്നു. ഉമ്മൻചാണ്ടിയും മത്സരിക്കണമെന്ന നിർദേശത്തിന് ഹൈക്കമാന്റ് പച്ചക്കൊടി കാണിച്ചുവെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്തു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാന്റ് തീരുമാനമെടുക്കുന്നില്ല. ഒരു മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ മുന്നോട്ടുവച്ചാകില്ല കോൺഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡിസിസി പുനസംഘടനയെന്ന ഹൈക്കമാന്റ് തീരുമാനത്തിന് എ-ഐ ഗ്രൂപ്പുകള്‍ വഴങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തീരുമാനം. പ്രവര്‍ത്തന മികവില്ലാത്തവരെ മാറ്റണമെന്ന ഹൈക്കമാന്‍ഡ് നിലപാട് ഗ്രൂപ്പ് നേതാക്കള്‍ അംഗീകരിച്ചു. കോണ്‍ഗ്രസ് മത്സരിച്ച 87 സീറ്റുകളില്‍ അറുപതിടത്ത് ജയസാധ്യതയുണ്ടെന്നാണ് കെപിസിസി സമിതി സംസ്ഥാന ഘടകം ഹൈക്കമാന്‍ഡിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. 

 

click me!