
തിരുവനന്തപുരം: വിഡി സതീശനെ അംഗീകരിക്കുന്നുവെന്ന് പരസ്യമായി പറയുമ്പോഴും പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്ത രീതിയിൽ ഉള്ളിൽ അതൃപ്തിയുമായി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും. മാറ്റമാണ് മനസ്സിലെന്ന സൂചന ഹൈക്കമാന്റ് ഒരു ഘട്ടത്തിലും നൽകാത്തതിലാണ് ഇരുവർക്കും പരാതി.
ബൈ ഗോൺ ഈസ് ബൈ ഗോൺ എന്നായിരുന്നു ഇന്ന് ചെന്നിത്തലയുടെ പ്രതികരണം. കഴിഞ്ഞത് കഴിഞ്ഞെന്ന് പറയുമ്പോഴും സതീശനെ കൊണ്ടുവന്ന രീതിയിലാണ് ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും ഉള്ളിൽ അമർഷം. എംഎൽഎമാരുടെ മനസ്സറിയാൻ എത്തിയ മല്ലികാർജ്ജുൻ ഖാർഗെയോട് ചർച്ചക്ക് മുമ്പ് ഉമ്മൻചാണ്ടി സംസാരിച്ചിരുന്നു. ഹൈക്കമാന്റ് നിലപാടറിയലായിരുന്നു നീക്കമെങ്കിലും ലക്ഷ്യം പറഞ്ഞില്ലെന്നാണ് പരാതി. ഒരുക്കം തലമുറ മാറ്റത്തിനാണെന്ന സൂചന നൽകിയെങ്കിൽ ഉമ്മൻചാണ്ടി തന്നെ ഇടപെട്ട് രമേശിനെ അനുനയിപ്പിക്കുമായിരുന്നുവെന്നാണ് എ ഗ്രൂപ്പ് വിശദീകരണം. കെസി വേണുഗോപാലും മാറ്റം വരുന്നതിൽ മുൻകൂട്ടി സൂചന നൽകിയില്ലെന്ന പരാതിയും ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കുമുണ്ട്.
ഹൈക്കമാൻഡ് അവസാനനിമിഷം വരെ ഇരുട്ടിൽ നിർത്തിയത് ബോധപൂർവ്വമായ നീക്കമാണെന്നാണ് രമേശിൻറെയും ഉമ്മൻചാണ്ടിയുടെയും സംശയം. എന്നാൽ മാറ്റത്തിനായി ഉയർന്ന വികാരം മനസ്സിലാക്കാൻ ഇരുനേതാക്കൾക്കുമായില്ലെന്നാണ് പരാതിക്ക് സതീശൻറെ വരവിനെ അനുകൂലിക്കുന്ന നേതാക്കളുടെ മറുപടി. തെരഞ്ഞെടുപ്പിനെ നയിച്ചവർ തോൽവിക്ക് ശേഷം സ്വയം ഒഴിയുമെന്ന ഹൈക്കമാൻഡ് വികാരം ഇരുനേതാക്കളും മനസ്സിലാക്കാനായില്ലെന്നാണ് യുവനിരയുടെ മറുപടി. മുറിവേറ്റെങ്കിലും സതീശനെതിരെ കലാപത്തിനൊന്നും രണ്ട് നേതാക്കളും തയ്യാറാകില്ല. പ്രത്യേകിച്ചു ഹൈക്കമാന്റ് കൂടുതൽ കടുംവെട്ടിന് തയ്യാറെടുക്കുമ്പോൾ. പതിറ്റാണ്ടുകളായി പാർട്ടിയെയും മുന്നണിയെയും നയിച്ച രണ്ടു വൻനേതാക്കളെ വെട്ടിയെത്തിയ സതീശന്റെ ഏറ്റവും വലിയ വെല്ലുവിളിയും ഇരുവരെയും ഒപ്പം നിർത്തി മുന്നോട്ട് പോകൽ തന്നെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam