
തിരുവനന്തപുരം: കെ എസ് ഇ ബിയിലെ അഴിമതിയാരോപണത്തിൽ പോരടിച്ച് നേതാക്കൾ. കോൺഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോളാണ് കെ എസ് ഇ ബി (KSEB) ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടന്നതെന്നുമുള്ള മുൻ മന്ത്രി എം എം മണിയുടെ (MM Mani) ആരോപണത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തി. എം എം മണിയുടെ പ്രസ്താവനയെ തള്ളിയ അദ്ദേഹം, അഴിമതി നടന്നുവെങ്കില്‍ എന്ത് കൊണ്ട് കഴിഞ്ഞ ആറ് വർഷം എൽഡിഎഫ് ഭരിച്ചിട്ടും നടപടി എടുത്തില്ലെന്ന് ചോദിച്ചു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് അഴിമതി ഇല്ലാത്തതുകൊണ്ടാണ് എൽഡിഎഫ് സർക്കാർ നടപടി എടുക്കാത്തത്. സർക്കാരിന് എതിരെ ആക്ഷേപം ഉയരുമ്പോള്‍ രക്ഷനേടാനുള്ള അടവാണ് ഇത്തരം പ്രസ്താവനകളെന്നും ഉമ്മൻചാണ്ടി കൊല്ലത്ത് പറഞ്ഞു.
കെഎസ് ഇബി അഴിമതി ആരോപണത്തിൽ പ്രതികരിക്കവേയാണ് കോൺഗ്രസ് മുൻ സർക്കാരിനെതിരെ എം എം മണി രംഗത്തെത്തിയത്. കോൺഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോളാണ് കെ എസ് ഇ ബിയിൽ കൂടുതൽ തട്ടിപ്പുകൾ നടന്നതെന്നും കോൺഗ്രസ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വെച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ മറുപടി.
'എന്റെ കൈകള്‍ ശുദ്ധം, അന്വേഷണം നടത്തിക്കോട്ടെ', കെഎസ്ഇബി അഴിമതി ആരോപണത്തിൽ എംഎം മണി
അതേസമയം, കെ എസ് ഇ ബി അഴിമതി ആരോപണത്തിൽ മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കെ എസ് ഇ ബി ഭൂമി കൈമാറ്റത്തിലൂടെ മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ബന്ധുക്കൾക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശൻ ആരോപിച്ചു. നൂറ് കണക്കിന് ഭൂമിയാണ് ചട്ടവിരുദ്ധമായി കൈമാറിയത്. വൈദ്യുത ബോർഡിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ഇത്തരത്തിലുള്ള അഴിമതിയെത്തുടർന്നാണ്. അതിനാൽ വൈദ്യുതി ചാർജ് വർദ്ധന നടപ്പാക്കി ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുത്. കെ എസ് ഇ ബി ഹൈഡൽ ടൂറിസം പദ്ധതിയിലെ ഭൂമി കൈമാറ്റം നിയമവിരുദ്ധമായിട്ടാണെന്ന് റവന്യൂ വകുപ്പ് തന്നെ പറഞ്ഞുവെന്നും ഭൂമി കൈമാറ്റം റദ്ദാക്കി സമഗ്രമായ അന്വേഷണം നടത്താൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
VD Satheesan : കെഎസ്ഇബി ഭൂമി കൈമാറ്റം റദ്ദാക്കണമെന്ന് വിഡി സതീശന്‍
കെഎസ്ഇബി അഴിമതി ആരോപണവും ബിജെപിയും രാഷ്ട്രീയ ആയുധമാക്കുകയാണ്. എംഎം മണിയെ കുറ്റപ്പെടുത്തി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. മുൻ വൈദ്യുതി മന്ത്രി എം എം മണിയെ പോലെ ഒരു തട്ടിപ്പുകാരൻ കേരളത്തിൽ വേറെയില്ലെന്നും ലാലു പ്രസാദ് യാദവിന്റ കേരള പതിപ്പാണ് എം എം മണിയെന്നുമാണ് സുരേന്ദ്രന്റെ വിമർശനം. കെ എസ് ഇ ബി അഴിമതി വിവരങ്ങൾ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് തന്നെ അക്കമിട്ട് നിരത്തിയ സാഹചര്യം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ കെ എസ് ഇ ബിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതികളിൽ സമഗ്ര അന്വേഷണം വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.