കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന ബോംബാക്രമണ കേസിലെ (Bomb Blast)പ്രതികൾക്ക് സ്ഫോടക വസ്തു നൽകിയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശിയായ ഇയാൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ അറസ്റ്റിലായ സനാദിന് വടിവാൾ നൽകിയ കടമ്പൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.
ബോംബ് നിർമിക്കാനുള്ള സ്ഫോടക വസ്തുക്കൾ പ്രതികൾക്ക് എവിടുന്ന് കിട്ടിയെന്ന അന്വേഷണത്തിലാണ് കണ്ണൂർ സ്വദേശിയിലേക്ക് പൊലീസ് എത്തിയത്. നേരത്തെ പടക്ക കട നടത്തിയ ഇയാൾ വീട്ടിൽ സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് മിഥുനും സംഘത്തിനും കൈമാറിയത്. ഇത് ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. ഇയാളെ വൈകാതെ അറസ്റ്റ് ചെയ്യും. താഴെ ചൊവ്വയിൽ നിന്ന് പ്രതികൾ പടക്കം വാങ്ങിയെങ്കിലും അത് സ്ഫോടനത്തിൽ ഉപയോഗിച്ചിട്ടില്ല. ഇത് കല്യാണവീട്ടിൽ പൊട്ടിച്ചിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
തോട്ടട -ഏച്ചൂർ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേസിലെ പ്രതിയായ മിഥുൻ തോട്ടട സംഘത്തിന് നേരെ വീശിയ വാളും പൊലീസ് കണ്ടെടുത്തു. കടമ്പൂർ സ്വദേശിയായ അരുണിന്റെ വീട്ടിൽ നിന്നാണ് വാൾ കണ്ടെത്തിയത്. കേസിൽ ഇന്നലെ അറസ്റ്റിലായ സനാദിന് വാൾ നൽകിയത് അരുണാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം, കല്യാണത്തിന്‍റെ തലേദിവസം രാത്രി തോട്ടട ഏച്ചൂർ സംഘങ്ങൾ തമ്മിൽ രണ്ട് തവണ അടിപിടി ഉണ്ടായി. ഇതിൽ മിഥുൻ നാട്ടുകാരിലൊരാളെ താക്കോൽ ഉപയോഗിച്ച് കുത്തിയെന്നും കണ്ടെത്തി. ഏച്ചൂർ സംഘത്തിൽ പെട്ടവർക്ക് ഡാൻസ് കളിക്കാനായി ആവശ്യപ്പെട്ട പാട്ട് വച്ച് നൽകാത്തതിനെ തുടർന്നാണ് കല്യാണ വീട്ടിൽ സംഘർഷം ഉണ്ടായതെന്നാണ് പ്രതികൾ മൊഴി നൽകിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടടയിലെ കല്യാണ വീട്ടിൽ നാടിനെ നടുക്കിയ ബോംബ് സ്ഫോടനം ഉണ്ടായത്. സംഭവ ദിവസം കല്യാണവീട്ടിലേക്ക് പ്രതികൾ എത്തിയത് കൃത്യമായ തയ്യാറെടുപ്പുകളോടെയാണ്. പന്ത്രണ്ടാം തീയതി കല്യാണവീട്ടിൽ തർക്കമുണ്ടായതിന് പിന്നാലെ ഏച്ചൂർ സംഘത്തിൽപ്പെട്ടവർ പടക്ക കടയിലെത്തുകയും ബോംബ് നിർമിക്കാനുള്ള സ്ഫോടന വസ്തുക്കൾ വാങ്ങുകയും ചെയ്തു. സ്ഫോടക വസ്തുക്കളുമായി പ്രതികൾ മിഥുന്‍റെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെത്തി ബോംബ് നിർമ്മിച്ചു. തുടർന്ന് ഒരു ബോംബ് പൊട്ടിച്ച് ട്രയൽ നടത്തുകയും ചെയ്തു. പിറ്റേ ദിവസം പ്രതികളായ മിഥുനും അക്ഷയും ഗോകുലും കൊല്ലപ്പെട്ട ജിഷ്ണുവും ഷമിൽ രാജിന്‍റെ കല്യാണത്തിന് പങ്കെടുത്തു. പിന്നെ എല്ലാം നടന്നത് ആഘോഷമായി വധുവിനെയും വരനെയും വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ്.
Kannur Bomb attack : കല്ല്യാണവീട്ടിലെ ബോംബേറ്, പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു
ബോംബിന് പുറമെ സംഭവ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി വടിവാൾ വീശാനും പ്രതികൾ കണക്കുകൂട്ടി. തുടർന്ന് മിഥുൻ സുഹൃത്തായ സനാദിനെ വടിവാളുമായി വിളിച്ച് വരുത്തി. ഉച്ചയ്ക്ക് 2.20 ഓടെ ഏച്ചൂർ സംഘവും തോട്ടട സംഘവും തമ്മിൽ ചെറിയ സംഘർഷം ഉണ്ടായി. ഇതിൽ പ്രതികളിലൊരാളായ മിഥുന് അടിയേറ്റു. പിന്നാലെയാണ് അക്ഷയ് ബോംബ് എറിഞ്ഞതും അത് അബദ്ധത്തിൽ സുഹൃത്തായ ജിഷ്ണുവിന്‍റെ തലയിൽ വീണ് പൊട്ടിത്തെറിച്ചതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam