'സ്ത്രീധന'ത്തിൽ സത്യവാങ്മൂലം; മുഖ്യമന്ത്രിയായിരിക്കെയുള്ള കുറിപ്പ് വൈറൽ, ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ പറയാനുള്ളത്

By Web TeamFirst Published Jun 22, 2021, 8:22 PM IST
Highlights

2014 ലെ കുറിപ്പിനെക്കുറിച്ചും വിസ്മയ സംഭവത്തെക്കുറിച്ചും സർക്കാർ കൈകൊള്ളേണ്ട നടപടിയെക്കുറിച്ചുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ഉമ്മൻചാണ്ടി പ്രതികരിച്ചു

തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിലുളള പീഡനത്തെത്തുടർന്ന് വിസ്മയ മരിക്കാനിടയായതോടെ സ്ത്രീധന വിഷയം പൊതുസമൂഹത്തിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. അതിനിടയിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും ചർച്ചയാകുന്നത്. 2014 ൽ മുഖ്യമന്ത്രിയായിരിക്കെയുള്ള ഉമ്മൻചാണ്ടിയുടെ കുറിപ്പാണ് വൈറലായത്. 'വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ സത്യവാങ്‌മൂലം അവരുടെ വകുപ്പ്‌ തലവന്‌ നല്‍കണം' എന്ന ഉത്തരവ് പൊതുസമൂഹത്തെ അറിയിച്ചുകൊണ്ടുള്ളതായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ കുറിപ്പ്. അന്നത്തെ കുറിപ്പിനെക്കുറിച്ചും വിസ്മയ സംഭവത്തെക്കുറിച്ചും സർക്കാർ കൈകൊള്ളേണ്ട നടപടിയെക്കുറിച്ചുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ഉമ്മൻചാണ്ടി പ്രതികരിച്ചു.

ഉമ്മൻചാണ്ടിയുടെ വാക്കുകൾ

2014 ൽ അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റ് കൊടുത്തിരുന്നു. 1961 ലെ ഗവൺമെന്‍റ് സർവെന്‍റ്സ് കോൺടാക്റ്റ് റൂളിലാണ് അതിന് നിയമപരമായ പ്രാബല്യമുളളത്. 1976 ലെ അമൻമെന്‍ഡിലുടെ സർക്കാ‍ർ ജീവനക്കാർ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാക്കിയതിന് കൂടുതൽ വ്യക്തത കൈവന്നു. ഈ നിയമത്തിൽ പരിഷ്കാരം വരുത്തിയാണ് എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ സത്യവാങ്‌മൂലം അവരുടെ വകുപ്പ്‌ തലവന്‌ നല്‍കണം എന്ന് 2014 ൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ തീരുമാനിച്ചത്. എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ വീഴ്ച വന്നുവെന്നതാണ് വിസ്മയ സംഭവം വ്യക്തമാക്കുന്നതെന്ന് ഉമ്മൻചാണ്ടി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

സർക്കാർ ജീവനക്കാർ സത്യവാങ്മൂലം നൽകണമെന്ന ഉത്തരവുണ്ടായിട്ടും അത് നടപ്പിലായോ എന്നത് പൊതുവിൽ പരിശോധിക്കപ്പെടേണ്ടതാണ്. സർക്കാർ ജീവനക്കാരുടെ കാര്യം മാത്രമല്ല പൊതുസമൂഹത്തിലും സ്ത്രീധനത്തിനെതിരെ കർശനമായ നടപടികളുണ്ടാകണം. വിസ്മയ സംഭവം എല്ലാവരുടെയും മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. സ്ത്രീധനം തെറ്റാണ്, എന്നിട്ടും വലിയ തോതിൽ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചിട്ട്, അത് പോര എന്ന നിലയിൽ ഭാര്യയെ ആക്രമിക്കുകയും മരണം സംഭവിക്കുകയും ചെയ്ത സംഭവം അതീവ ഗുരുതരം തന്നെയാണ്. 2014 ലെ സത്യവാങ്ങ്മൂലംനിയമത്തിന്‍റെ ഭാഗമായുളളതാണ് . എന്നിട്ടും അതിൽ വീഴ്ച വന്നത് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. 76 ലെ നിയമവും 2014 ലെ സത്യവാങ്മൂലവും ശക്തമായി നടപ്പാക്കണമെന്ന് പിണറായി സർക്കാരിനോട് ആവശ്യപ്പെടുന്നതായും ഉമ്മൻചാണ്ടി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ഭർതൃവീട്ടിൽ ക്രൂരമർദനമേൽക്കുകയും വിസ്മയ മരിക്കുകയും ചെയ്തത് ഇന്നലെയാണ്. വിസ്‍മയുടെ ഭര്‍ത്താവ് കിരൺ സർക്കാ‍ർ ഉദ്യോഗസ്ഥനായിരുന്നു. ഇതോടെയാണ് ഉമ്മൻചാണ്ടിയുടെ പഴയ പോസ്റ്റ് വൈറലായത്.

ഉമ്മൻചാണ്ടിയുടെ 2014 ലെ കുറിപ്പ്

വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ സത്യവാങ്‌മൂലം അവരുടെ വകുപ്പ്‌ തലവന്‌ നല്‍കണം. ഈ സത്യവാങ്‌മൂലത്തില്‍ ഭാര്യയും അച്ഛനും ഭാര്യയുടെ പിതാവും ഒപ്പിട്ടിരിക്കണം. ഇത്‌ നിര്‍ബന്ധമായും നല്‍കേണ്ടതും ഈ രേഖ സ്‌ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്‌.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!