മുഖ്യമന്ത്രി നിർദ്ദേശിച്ചു, ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി; ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ്

By Web TeamFirst Published Feb 7, 2023, 3:44 PM IST
Highlights

ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി ഡോക്ടറേയും ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളേയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി ഡോക്ടറേയും ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളേയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

'ചാർട്ടേസ് വിമാനം' കേട്ട് പ്രവാസികൾ ചിരി നിർത്തിയിട്ടില്ല, കെ റെയിൽ പോലെ അപ്രായോഗികം: സുധാകരൻ; 'അതിശക്ത സമരം'

അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടാൽ ഉടൻ തന്നെ വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണ് നടക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടിയുടെ പനിയും ചുമയും ശ്വാസതടസവും മാറിയാല്‍ ഉടൻ തന്നെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരിവിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് സജീവമാക്കിയിട്ടുള്ളത്. എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുക. മൂന്ന് മക്കളും ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ സന്ദര്‍ശിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് എയര്‍ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കിയതായി പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് അറിയിച്ചു. നാളെ വൈകുന്നേരത്തോടെ എയർ ആംബുലൻസിൽ ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റിയേക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സതീശൻ പറഞ്ഞിരുന്നു. ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങും. അതിന് ശേഷമാകും ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തിലെ അന്തിമ തീരുമാനം.

click me!