മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്: മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണം

Web Desk   | Asianet News
Published : Aug 04, 2020, 04:45 PM IST
മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്: മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണം

Synopsis

എല്ലാ നിയമങ്ങളേയും കോടതി നിര്‍ദ്ദേശങ്ങളെയും മനുഷ്യാവകാശങ്ങളെയും കാറ്റില്‍പ്പറത്തിയാണ് ഏഴംഗ വനംവകുപ്പ് ഉദ്യോഗസ്ഥര്‍  ഒരു കാരണവും പറയാതെ വീട്ടുകാരുടെ മുമ്പില്‍ നിന്നും മത്തായിയെ പിടിച്ചിറക്കി കൊണ്ടുപോയത്.

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാര്‍ പടിഞ്ഞാറെ ചരുവില്‍ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ട് ഏഴു ദിവസം കഴിഞ്ഞെങ്കിലും വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നീതി ലഭിച്ചില്ലെന്നും മന്ത്രിമാരോ ഉന്നത ഉദ്യോ​ഗസ്ഥരോ ഇതുവരെ അന്വേഷണം നടത്തുകയോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്കി.

മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയും കുറ്റവാളികളെ  ക്രിമിനല്‍ കുറ്റം  ചുമത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയും അര്‍ഹമായ നഷ്ടപരിഹാരം കുടുംബത്തിന് നല്കുകയും ചെയ്യണം. പ്രഥമദൃഷ്ട്യാ ഉദ്യോ​ഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകളും  നിയമലംഘനങ്ങളുമാണ് ഉണ്ടായിരിക്കുന്നത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി മോര്‍ച്ചറിയില്‍ വച്ചിരിക്കുകയാണ്. മൂന്നു നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്ന ബാദ്ധ്യതയാണ് മത്തായി വഹിച്ചിരുന്നത്. ഈ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയും കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉടനേ ഉണ്ടാകണം.

പിടിച്ചുകൊണ്ടു പോകുമ്പോള്‍ എഫ്.ഐ.ആര്‍.പോലും മത്തായിക്കെതിരെ ഇട്ടിരുന്നില്ല. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ (കസ്റ്റഡിയില്‍ എടുക്കുമ്പോള്‍) സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു വ്യവസ്ഥയും ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ പാലിച്ചില്ല. എല്ലാ നിയമങ്ങളേയും കോടതി നിര്‍ദ്ദേശങ്ങളെയും മനുഷ്യാവകാശങ്ങളെയും കാറ്റില്‍പ്പറത്തിയാണ് ഏഴംഗ വനംവകുപ്പ് ഉദ്യോഗസ്ഥര്‍  ഒരു കാരണവും പറയാതെ വീട്ടുകാരുടെ മുമ്പില്‍ നിന്നും മത്തായിയെ പിടിച്ചിറക്കി കൊണ്ടുപോയത്. വിവരം തിരക്കിയ 85 വയസുള്ള മാതാവ് ഏലിയാമ്മയെ പിടിച്ചു തള്ളിമാറ്റി. ഭാര്യ ഷീബ ഭര്‍ത്താവിനെ കൊണ്ടുപോകുന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് ചെല്ലാനാണു പറഞ്ഞത്.

ഷീബയും അയല്‍വാസികളായ ഷിബിന്‍, സ്വാതി, ശ്രീജ എന്നിവരും ചിറ്റാറിലെ ഫോറസ്റ്റ് സ്റ്റേഷനില്‍ ചെന്നുപ്പോഴാണ് മത്തായി കിണറ്റില്‍ മരിച്ചു കിടക്കുന്ന വിവരം പറയുന്നത്. ബന്ധുക്കളും നാട്ടുകാരും ഇത് ഒരു കൊലപാതകമാണെന്നു വിശ്വസിക്കുന്നു. സ്ഥലം എം.പി.  ആന്റോ ആന്റണി,  ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജ്,  കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു എന്നിവരോടപ്പം താന്‍ മൂന്നാംതീയതി മത്തായിയുടെ വീട്ടില്‍ പോയിരുന്നു. ബന്ധുക്കളും നാട്ടുകാരും ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരുടെ മറുപടികളോട് ഒരുവിധത്തിലും യോജിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ