കരയ്ക്കടിഞ്ഞ മൃതദേഹങ്ങൾ മാഹിൻ ആശുപത്രിയിലെത്തി കണ്ടു, കുറ്റബോധമില്ലാതെ തിരിച്ചിറങ്ങി; കുറ്റസമ്മതം നടത്തി പ്രതി

By Web TeamFirst Published Nov 30, 2022, 6:11 PM IST
Highlights

വിദ്യയേയും മകൾ ഗൗരിയെയും ആളില്ലാത്തുറ എന്ന സ്ഥലത്തെ കടലിൽ തള്ളി എന്ന് പ്രതികള്‍ സമ്മതിച്ചെന്ന് തിരുവനന്തപുരം റൂറൽ എസ് പി ഡി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. 

തിരുവനന്തപുരം: ഊരൂട്ടമ്പലത്തെ അമ്മയെയും കുഞ്ഞിനെയും 11 കൊല്ലം മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മാഹിൻകണ്ണും റുഖിയയും കുറ്റസമ്മതം നടത്തി. വിദ്യയേയും മകൾ ഗൗരിയെയും ആളില്ലാത്തുറ എന്ന സ്ഥലത്തെ കടലിൽ തള്ളി എന്ന് പ്രതികള്‍ സമ്മതിച്ചെന്ന് തിരുവനന്തപുരം റൂറൽ എസ് പി ഡി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. 

2011 ആഗസ്റ്റ് 18 ന് വിദ്യയേയും മകൾ ഗൗരിയെയും കാണാതായ ദിവസം തന്നെ ഇരുവരെയും മാഹിൻകണ്ണ് കൊന്നു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ ആശുപത്രിയില്‍ പോയി മാഹിൻകണ്ണ് കണ്ടിരുന്നു. വിദ്യയെ ഒഴിവാക്കാൻ റുഖിയ നിർബന്ധിച്ചുവെന്ന്  മാഹിൻകണ്ണ് പറഞ്ഞതായി റൂറൽ എസ് പി ഡി ശില്‍പ കൂട്ടിച്ചേര്‍ത്തു. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Also Read: 11 വര്‍ഷം കഴിഞ്ഞ് നീങ്ങിയ ദുരൂഹത; തിരുവനന്തപുരത്ത് കാണാതായ അമ്മയെയും കുഞ്ഞിനെയും കൊന്നത്, കടലിൽ തള്ളിയിട്ട്

കടലിലേക്ക് വിദ്യയെയും കുഞ്ഞിനെയും തള്ളിയിട്ടുകൊന്ന വിദ്യയുടെ പങ്കാളി മാഹിന്‍കണ്ണിനെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മാഹിന്‍കണ്ണിന്‍റെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ ഗൂഢാലോചനക്കേസാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ നിര്‍ണായകമായ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി. 2011 ഓഗസ്റ്റ് 22 ന് മാഹിന്‍കണ്ണ് വിദ്യയുടെ അമ്മയെയും അച്ഛനെയും പൂവാറിലേക്ക് എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും വിവരമുണ്ട്.

വിദ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തി നാലാം ദിവസം രാത്രിയാണ് മാഹിന്‍കണ്ണിന്‍റെ ഫോണില്‍ നിന്ന് വിദ്യയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത്. വിദ്യയുടെ അച്ഛന്‍ ജയചന്ദ്രന്‍ പറഞ്ഞത് കൊണ്ട് ഇരുവരും പോയില്ല. അന്നേ ദിവസത്തെ മാഹിന്‍കണ്ണിന്‍റെ ഫോണ്‍വിളി വിശദാംശങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. വിദ്യയുടെ അമ്മ പറയുന്ന ദിവസം 10 മിനുട്ട് മാഹിന്‍കണ്ണ് വിദ്യയുടെ അമ്മയുടെ നമ്പറിലേക്ക് വിളിച്ച് സംസാരിച്ചതായി ഫോണ്‍ രേഖകളിലുമുണ്ട്. രാധയും ജയചന്ദ്രനും മകളെയും കുഞ്ഞിനെയും കാണാനില്ലെന്ന് കാണിച്ച് മാറനെല്ലൂര്‍ പൊലീസിലും പൂവാര്‍ പൊലീസിലും പരാതി നല്‍കിയ ദിവസമായിരുന്നു മാഹിന്‍കണ്ണിന്‍റെ ഈ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട ആദ്യ വാര്‍ത്ത

click me!