സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നാളെ ഒപി ബഹിഷ്‍കരണം

By Web TeamFirst Published Oct 4, 2020, 5:09 PM IST
Highlights

കൊവിഡ് വാര്‍ഡ്, അത്യാഹിത വിഭാഗം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലായിരിക്കും സമരം. പ്രതിഷേധ സൂചകമായി ആരോഗ്യമന്ത്രിക്ക് മെഡിക്കല്‍ കേളേജിലെ കൊവിഡ് നോ‍ഡല്‍ ഓഫീസര്‍മാര്‍ നാളെ രാജി നല്‍കും. 

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ അച്ചടക്ക നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കി സർക്കാർ ഡോക്ടർമാർ. നാളെ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജ് ആശുപത്രികളിലും രണ്ട് മണിക്കൂർ ഒപി ബഹിഷ്ക്കരിക്കും. നാളെ രാവിലെ 8 മുതൽ പത്തുവരെയാണ് സംസ്ഥാനവ്യാപക ഒപി ബഹിഷ്‍കരണം. സസ്പെന്‍ഷനില്‍ തീരുമാനമായില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് ബഹിഷ്കരണം ഉണ്ടാവും. 

മെഡിക്കൽ കോളേജുകളിൽ എല്ലാ ക്ലാസുകളും നിർത്തിവെക്കാനും, കൊവിഡ് നോഡൽ ഓഫീസർ സ്ഥാനങ്ങൾ രാജിവെക്കാനും തീരുമാനമായി. ഡോക്ടർമാർക്ക് പുറമെ നഴ്സുമാരുടെ സംഘടനയായ കെജിഎൻഎയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റിലേ സത്യാഗ്രഹ സമരം തുടങ്ങി. അതേസമയം കൊവിഡ് ചികിത്സയെയും അടിയന്തിര വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും ബാധിക്കാത്ത തരത്തിലാകും സമരം. ഡോക്ടർമാർക്കൊപ്പം കെജിഎൻഎയും ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം തുടങ്ങി. 

click me!