'പുതിയ മുഖ്യമന്ത്രി അതു ചെയ്യരുത്, കഴിഞ്ഞ 10 വർഷവും മുഖ്യമന്ത്രിക്ക് കുതിച്ചുപായാൻ ഞങ്ങളുടെ വഴി തടഞ്ഞു, എന്തിനിത്ര അകമ്പടി?' തുറന്ന കത്ത്

Published : May 06, 2026, 08:37 PM IST
cm convoy

Synopsis

പുതിയ മുഖ്യമന്ത്രിയുടെ യാത്രകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ളതാവരുതെന്ന ആവശ്യവുമായി തുറന്ന കത്ത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കായുള്ള അമിത ട്രാഫിക് നിയന്ത്രണവും ഇത്രയും അകമ്പടിയും ഒഴിവാക്കണമെന്നാണ് ആവശ്യം. 

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുത് പുതിയ മുഖ്യമന്ത്രിയുടെ യാത്രയെന്ന അഭ്യർത്ഥനയുമായി തുറന്ന കത്ത്. ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവാണ് ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി പോകുന്ന വഴികളിൽ ട്രാഫിക് ലൈറ്റുകൾ ഓഫാക്കുന്ന പതിവ് അവസാനിപ്പിക്കണം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിഷേധിച്ചു കൊണ്ടാകരുത് മുഖ്യമന്ത്രിയുടെ യാത്രയെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മുമ്പിലും പിമ്പിലുമായി ഒരു പൈലറ്റും ഒരു എസ്കോർട്ടും വേണം. അല്ലാതെ അകമ്പടിക്ക് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വേണ്ടെന്നു വയ്ക്കണം. പുതിയ മുഖ്യമന്ത്രി ആരായാലും അനാരോഗ്യമുള്ള അവസ്ഥയിലാണെന്ന് കരുതുന്നില്ല. അതിനാൽ എപ്പോഴും ആംബുലൻസിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഈ ജാമർ ഒക്കെ കേരളത്തിനുള്ളിൽ വേണോ എന്നത് പുനരാലോചിക്കണമെന്നും പ്രശാന്ത് വാസുദേവ് ആവശ്യപ്പെട്ടു. ക്ലിഫ് ഹൗസിന് നാലു ചുറ്റും ഉള്ള കാവൽ ഒഴിവാക്കണമെന്നും ഇവിടെ ആരും താങ്കളെ ആക്രമിക്കാൻ പോകുന്നില്ലെന്നും പ്രശാന്ത് വാസുദേവ് കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

"പുതിയ കേരള മുഖ്യമന്ത്രിയോടാണ്.

സർ,

കഴിഞ്ഞ 15 വർഷത്തിലധികമായി ഞാൻ തിരുവനന്തപുരം നഗരവാസിയാണ്. അതായത് ഉമ്മൻചാണ്ടിയെന്ന മനുഷ്യസ്നേഹി കേരള മുഖ്യമന്ത്രിയായിരുന്നപ്പോഴും, പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും നഗരത്തിൽ താമസിച്ച ഒരാൾ.

സർ ,

കഴിഞ്ഞ പത്തു വർഷവും ഞങ്ങൾ നഗരവാസികൾക്ക് പലപ്പോഴും നിഷേധിക്കപ്പെട്ട സഞ്ചാര സ്വാതന്ത്ര്യമുണ്ട്. പെട്ടെന്ന് ട്രാഫിക് ലൈറ്റുകൾ മാൻഡ്രേക്കിന്റെ പണിയെന്ന പോലെ ഓഫാവുക, ഞങ്ങളുടെ വഴി തടയുക, വോട്ട് ചെയ്ത് ഇവരെയൊക്കെ അധികാരത്തിലേറ്റിയ ഞങ്ങളെയാകെ വിറപ്പിച്ചുകൊണ്ട് പിന്നെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കുതിച്ചുപായുക. പേടിച്ചു വിറച്ചിരുന്നതു കൊണ്ട് ഞങ്ങളാരും ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ ഞങ്ങൾ അകത്താകുമായിരുന്നു !

സർ ,

ക്ലിഫ് ഹൗസിലേക്ക് കയറുന്ന, ദേവസ്വം ബോർഡ് ജംഗ്ഷനിൽ ഉണ്ടായിരുന്നു, ആവശ്യമില്ലാത്ത ഒരു കാക്കി കാവൽ. അവിടെനിന്നും ചാരാച്ചിറയിലേക്ക് പോകുന്ന ഇട റോഡിലും ചില പാവം കാക്കി മനുഷ്യർ രാത്രിയിലെ കൊടും കുളിരിലും കാവലിരുന്നു. ആര് ആരെയാണ് പേടിച്ചത് എന്ന് അറിയില്ല സർ. എന്നിട്ടും ആർക്കും ഒന്നും പറ്റിയില്ല.

സർ ,

അങ്ങ് ഈ നഗരവീഥികളിലൂടെ കടന്നുപോകുമ്പോൾ ദയവായി ട്രാഫിക് ലൈറ്റുകൾ ഓഫാക്കരുത്. അങ്ങയുടെ സമയത്തിന് ഞങ്ങളുടെ സമയത്തെക്കാൾ വിലയുണ്ട് എന്നറിയാം. അതിനുള്ള വഴികൾ തേടിയിരിക്കണം. പക്ഷേ അത് ഞങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിഷേധിച്ചു കൊണ്ടാകരുത്.

സർ ,

ക്ലിഫ് ഹൗസിന് നാലു ചുറ്റും ഉള്ള കാവൽ ഒഴിവാക്കണം സർ. ഇവിടെ ആരും നിങ്ങളെ ആക്രമിക്കാൻ പോകുന്നില്ല. ഇനി വല്ല ഭീകരവാദികളും വന്നാലും, ഈ നാലഞ്ചു കാക്കി മനുഷ്യരെക്കൊണ്ട് ഒന്നും കഴിയുകയുമില്ല. ഇനിയിപ്പോൾ അധികാരം നഷ്ടപ്പെട്ടവർ, അങ്ങയെ പേടിപ്പിക്കാൻ വരുമോ എന്നറിയില്ല ! അങ്ങനെ ഒരു പ്രതീതി സൃഷ്ടിച്ച്, ഇൻറലിജൻസിനെക്കൊണ്ട് ഒരു റിപ്പോർട്ട് അങ്ങേയ്ക്ക് നൽകി, പഴയ പോലുള്ള അമിത സുരക്ഷ അങ്ങയെക്കൊണ്ടും എടുപ്പിച്ച്, പഴയ കാര്യങ്ങളെ ന്യായീകരിക്കാൻ അവർ ശ്രമിക്കാതിരിക്കില്ല. അതും അങ്ങ് ശ്രദ്ധിക്കണം. അതൊക്കെ അധികാരത്തിന്റെ ഒരു വിഭ്രമം മാത്രമായിരുന്നു സർ. അത്തരം അധികാരവിഭ്രമങ്ങളിലേക്ക്, ആഡംബര സൗഖ്യങ്ങളിലേക്ക് അങ്ങും പോകരുത്. ജനം നോക്കി വയ്ക്കും. പിന്നൊരു കാലത്ത് ഇപ്പോൾ സംഭവിച്ചതു പോലെ സംഭവിക്കും.

പിന്നെ സർ,

തിരുവനന്തപുരം വിട്ട് ഒന്ന് കടന്നോട്ടെ. മുമ്പിലും പിമ്പിലുമായി ഒരു പൈലറ്റും ഒരു എസ്കോർട്ടും വേണം. ഈ ജാമർ ഒക്കെ കേരളത്തിനുള്ളിൽ വേണോ എന്നത് പുനരാലോചിക്കണം സർ. അങ്ങ് ആരായാലും അത്ര അനാരോഗ്യമുള്ള അവസ്ഥയിലാണെന്ന് കരുതുന്നില്ല. ആ സ്ഥിതിക്ക് എപ്പോഴും ഒരാംബുലൻസിന്റെ ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. അകമ്പടിക്ക് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വേണ്ടെന്നു വയ്ക്കണം.

സർ ,

ഒരു മുഖ്യമന്ത്രിയുടെ ഗരിമയ്ക്ക് ഒട്ടും കുറവ് വേണ്ട. പക്ഷേ അപ്പോഴും ഞങ്ങളിൽ ഒരാളായി അങ്ങയെ കാണാൻ ഞങ്ങളെ അനുവദിക്കും വിധമുള്ള വാഹന വ്യൂഹം മാത്രമേ ഉണ്ടാകാവൂ. ഞങ്ങൾ പ്രതീക്ഷിക്കുന്നു, അങ്ങനെ പലതും. പ്രതീക്ഷകൾ തെറ്റാതിരിക്കട്ടെ."

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കടുത്ത നിലപാടുമായി സിപിഐ; പ്രതിപക്ഷ നേതാവായി പിണറായി വേണ്ട, പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടി
മരണസമയത്ത് വെള്ളത്തിനോട് കടുത്ത വിരക്തി, സംശയം തോന്നിയ ഡോക്ടർമാർ പരിശോധന നടത്തി, ഏഴുവയസുകാരിയുടെ മരണം പേവിഷബാധമൂലം