കോന്നി സീറ്റിനെ ചൊല്ലി കോൺഗ്രസ്സിൽ പൊട്ടിത്തെറി; ഡിസിസി പ്രസിഡന്റും അടൂർ പ്രകാശും തമ്മിൽ തുറന്ന പോര്

By Web TeamFirst Published Sep 24, 2019, 8:39 PM IST
Highlights

കോന്നി മണ്ഡലത്തിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ പ്രസ്താവനയെ തള്ളി അടൂർ പ്രകാശ് എംപി. ജാതിയല്ല ജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്ന് ഡിസിസി പ്രസിഡന്റിന്  അടൂർ പ്രകാശിന്റെ മറുപടി. സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക പരിഗണന വേണമെന്ന നിലപാട് ആവർത്തിച്ച് ഡിസിസി പ്രസിഡന്റ്  ബാബു ജോർജ് 

പത്തനംതിട്ട: കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പോര് പൊട്ടിത്തെറിയിലേക്ക്.കോന്നി മണ്ഡലത്തിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ പ്രസ്താവന അടൂർ പ്രകാശ് എംപി തള്ളി . ജാതിയല്ല ജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്ന് ഡിസിസി പ്രസിഡന്റിനുള്ള മറുപടിയായി അടൂർ പ്രകാശ് തിരിച്ചടിച്ചു. കോന്നിയിലെ  സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിലുള്ള പോര് ഇതോടെ മറ നീക്കി പുറത്തു വന്നു.

തന്റെ പിൻഗാമിയായി വിശ്വസ്തനായ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററുടെ പേരാണ് അടൂർ പ്രകാശ് മുന്നോട്ട് വച്ചത്. എന്നാൽ ഇതിനെതിരെ  പത്തനംതിട്ട ഡിസിസി രംഗത്തെത്തിയതോടെ കാര്യങ്ങൾ സങ്കീർണമായി. ഡിസിസി നേതൃത്വത്തെ കൂടാതെ കെപിസിസി സെക്രട്ടറി പഴകുളം മധുവും അടൂർ പ്രകാശിന്റെ നീക്കങ്ങളെ എതിർത്തു. 

അടൂർപ്രകാശിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യാനുള്ള ശ്രമത്തിൽ പോര് മുറുകിയതോടെയാണ് ,റോബിൻ പീറ്ററെ ഒഴിവാക്കാൻ  മണ്ഡലത്തിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന് ഡിസിസി ആവശ്യപ്പെട്ടത്. കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് തിരിച്ചറിഞ്ഞ കെപിസിസി ഇതോടെ പരസ്യപ്രസ്താവന വിലക്കി. എന്നാൽ  ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ അടൂർ പ്രകാശ് ഡിസിസിക്കെതിരെ തുറന്നടിക്കുകയായിരുന്നു. ജയിക്കാൻ ഈഴവ സ്ഥാനാർത്ഥി തന്നെ വേണമെന്നില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. ഡിസിസി പ്രസിഡന്‍റ് തനിക്കെതിരെ  നടത്തിയ പരാമർശങ്ങൾ ശരിയല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

പക്ഷെ പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക പരിഗണന വേണമെന്ന നിലപാട് ആവർത്തിക്കുകയാണ് ഡിസിസി പ്രസിഡന്റ്  ബാബു ജോർജ് .അടൂർ പ്രകാശ് കാര്യങ്ങൾ മനസിലാക്കുന്നില്ലെന്നും ബാബു ജോർജ് കുറ്റപ്പെടുത്തുന്നു.അതേ സമയം ഈഴവസ്ഥാനാർത്ഥി വേണമെന്ന് പറയുമ്പോഴും കൃത്യമായൊരു പേര് അടൂർ പ്രകാശിനെ എതിർക്കുന്നവർ മുന്നോട്ട് വെക്കുന്നില്ല.

ബാബു ജോർജും പഴകുളം മധുവും പി.മോഹൻരാജുമടക്കമുള്ള നേതാക്കൾ  സ്ഥാനാർത്ഥിത്വം മോഹിക്കുന്നുണ്ട്. എന്നാൽ പത്തനംതിട്ട ഡിസിസിയുമായി ഏറെ നാളായി  ഭിന്നത പുലർത്തുന്ന അടൂർ പ്രകാശ് ഇത് അനുവദിക്കാനിടയില്ല. തർക്കം മുറുകിയതോടെ കോന്നിയിലെ സ്ഥാനാ‍ർത്ഥി നിർണയം കെപിസിസിക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.

click me!