
തിരുവനന്തപുരം: അന്തർ സംസ്ഥാന ബസുകളെ നിയന്ത്രിക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ കർശന നടപടി തുടരുന്നു. ഓപറേഷൻ നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ രാത്രിയിൽ 168 ബസ്സുകൾ പരിശോധിച്ചു. പെർമിറ്റ് ലംഘനം കണ്ടെത്തിയ വാഹനങ്ങളിൽ നിന്നും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴ ഈടാക്കി.
പരിശോധനയിൽ 120 ബസ്സുകള്‍ പെർമിറ്റ് ലംഘനം നടത്തിയെന്ന് കണ്ടെത്തി. കല്ലടയുടെ 20 ബസുകളക്കം 120 ബസുകൾക്കും 43 ട്രാവൽ ഏജൻസികൾക്കും നോട്ടീസ് നൽകിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പിന്‍റെ പരിശോധന. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാൻ സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച കേസിൽ ബസ് ഉടമ സുരേഷ് കല്ലടക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുരേഷ് കല്ലടയ്ക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ ഇയാൾക്ക് മുന്നറിവുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. അറസ്റ്റിലായ ഏഴ് പ്രതികളെയും കല്ലടയുടെ വൈറ്റിലയിലെ ഓഫിസിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയായി
കൊച്ചിയിലെ വൈറ്റിലയിൽ ബസിനുളളിലും പുറത്തുവെച്ച് യാത്രക്കാരെ മർദിച്ച സംഭവത്തിലെ ഗൂഡാലോചനയാണ് പൊലീസ് പരിശോധിക്കുന്നത്. ഇതേക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല എന്ന ഉടമ സുരേഷ് കല്ലടയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഇതിൽ വ്യക്തത വരുത്താനാണ് കസ്റ്റഡയിലുളള ഏഴുപേരെയും ചോദ്യം ചെയ്യുന്നത്. സുരേഷ് കല്ലടയുടെയും അറസ്റ്റിലായ ജീവനക്കാരുടെയും മൊബൈൽ കോൾ റിക്കാർഡുകൾ അടക്കമുളളവ പരിശോധിക്കുന്നു.സംഭവമുണ്ടായ രാത്രി പന്ത്രണ്ടരക്കും പുലർച്ചേ നാലരയ്ക്കും ഇടയ്ക്ക് നടന്ന ഗൂഡാലോചനയിൽ ഉടമ സുരേഷ് കല്ലടയുടെ പങ്കാളിത്തമോ മുന്നറിവോ സമ്മതമോ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam