
കൊച്ചി: മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി നാവിക സേന കപ്പലായ ഐഎൻഎസ് ജലാശ്വ നാളെ രാവിലെ കൊച്ചിയിൽ എത്തും. യാത്രക്കാർ എത്തുന്നതിന് മുന്നോടിയായി കൊച്ചി സാമുദ്രിക പോർട്ടിൽ മോക് ഡ്രിൽ നടത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി. എല്ലാവർക്കും 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ ഉണ്ടാകുമെന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവരേയും കേരളത്തിൽ ക്വാറന്റൈനിലാക്കുമെന്നും ഐജി വിജയ് സാഖറെ പറഞ്ഞു.
സമുദ്ര സേതു ഒഴിപ്പിക്കൽ ദൗത്യത്തിലെ ആദ്യ കപ്പലായ ഐഎൻസ് ജലാശ്വ നാളെ രാവിലെ എട്ട് മണിക്കും പത്ത് മണിക്കും ഇടയിൽ കൊച്ചിയിൽ എത്തുക. കപ്പൽ എത്തുന്നതിന് മുന്നോടിയായി കൊച്ചി പോർട്ടിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. പത്ത് എമിഗ്രേഷൻ കൗണ്ടറുകളാണ് യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നതിന് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിന് സമാനമായ രീതിയിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകൾ ഉണ്ടാകും.
മലയാളികൾക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. മൂന്ന് മണിക്കൂർ കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി എല്ലാ യാത്രക്കാരെയും പുറത്തിറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കപ്പൽ എത്തുന്നതിന് മുന്നോടിയായി സാമുദ്രിക പോർട്ടിൽ മോക് ഡ്രിൽ നടത്തി. മന്ത്രി സുനിൽ കുമാർ, ഐജി വിജയ് സാഖറെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ വിലയിരുത്തിയത്.
440 മലയാളികളും 156 തമിഴ്നാട് സ്വദേശികളുമാണ് 698 അംഗ സംഘത്തിള്ളത്. ഇവരിൽ 19 ഗർഭിണികളും 14 കുട്ടികളുമാണ്. ഇതര സംസ്ഥാനങ്ങളിലുള്ളവരെ സംസ്ഥാനത്ത് തന്നെ ക്വാറന്‍റൈൻ ചെയ്യാനാണ് അധികൃതരുടെ ശ്രമം. പ്രത്യേക പരിഗണനാ ലിസ്റ്റിലുള്ളവരെ പ്രത്യേക സജ്ജമാക്കിയ കാറിൽ വീടുകളിലേക്ക് അയക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam