
കണ്ണൂർ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേൽൻ സിന്ദൂറിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെകെ ഷൈലജ. ഭീകരവാദത്തെയും തീവ്രവാദത്തെയും അമര്‍ച്ച ചെയ്യാന്‍ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികളെയും പൂർണമായി പിന്തുണക്കുന്നുവെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാരായ നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും കെകെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.
ഭീകരരെ അമർച്ച ചെയ്യാൻ ശ്രമിക്കുന്ന ധീര സൈനികർക്ക് അഭിവാദ്യങ്ങൾ. നിഷ്കളങ്കരായ സഞ്ചാരികളെയാണ് പഹൽഗാമിൽ ഭീകരർ കൊലപ്പെടുത്തിയത്. മതഭീകരത എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതായിരുന്നു പഹൽഗാം ആക്രമണം. പഹൽഗാമിൽ കൊല്ലപ്പെട്ട 26 പേരുടെയും ജീവൻ ഏറെ വിലപ്പെട്ടതാണ്. അതിൽ പ്രതികരിച്ചു കൊണ്ട് സൈന്യം നടത്തുന്ന എല്ലാ നടപടികൾക്കും പിൻതുണ അറിയിക്കുന്നുവെന്നും ഷൈലജ പറഞ്ഞു.
പാക്ക് അധീന കശ്മീരിലെയും പാക്കിസ്ഥാനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നീക്കമുള്‍പ്പെടെ ഭീകരവാദത്തെയും തീവ്രവാദത്തെയും അമര്‍ച്ച ചെയ്യാന്‍ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്‍തുണയ്ക്കുന്നു. ഇതിനോടൊപ്പം പെഹല്‍ഗാമില്‍ സാധരണക്കാരെ കൊലപ്പെടുത്തിയ തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അതിര്‍ത്തി രാജ്യങ്ങളില്‍ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമുള്ള നയതന്ത്ര ഇടപെടല്‍ നടത്താന്‍ രാജ്യത്തിന് കഴിയണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാം- കെകെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam