
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ 10 കോടിയോളം രൂപ വിപണി മൂല്യം വരുന്ന 12 കിലോ എം ഡി എം എയുമായി സംഘത്തിലെ പ്രധാനികളായ 3 പേരെ പിടികൂടി. നേരത്തെ 97 ഗ്രാം എം ഡി എം എയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളുടെ കാറിൽ നിന്നാണ് ഇന്നലെ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ചു വിതരണം ചെയ്യുന്ന ഈ സംഘത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്നും പിടിയിലായവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ കേസാണ് മഞ്ചേരിയിലേത്.
മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നോർത്ത് സോൺ ഐ ജി പുട്ട വിമലാദിത്യ, തൃശൂർ റേഞ്ച് ഡി ഐ ജി ടി നാരായണൻ, മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ സംയുക്ത വാർത്താസമ്മേളനം നടത്തി വിവരങ്ങൾ വിശദീകരിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഇതുവരെ 10600 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഐ ജി പുട്ടാ വിമലാദിത്യ വ്യക്തമാക്കി. പരിശോധനകളിൽ ആകെ 21 കിലോ എം ഡി എം എയും 1100 കിലോ കഞ്ചാവും 4.5 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂർ റേഞ്ചിൽ മാത്രം ഇതുവരെ 2417 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡി ഐ ജി നാരായണൻ അറിയിച്ചു. ലഹരി മാഫിയക്കെതിരെയുള്ള പരിശോധനകളും തുടരന്വേഷണങ്ങളും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam