ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് പുലിക്കളി മഹോത്സവം തുടങ്ങി. 450 ഓളം പുലികൾ ശക്തന്റെ തട്ടകത്തിൽ ഇറങ്ങിയപ്പോൾ പൂരനഗരി ആവേശത്തിലാറാടി. നിശ്ചല ദൃശ്യങ്ങളും ചെണ്ടമേളവും അകമ്പടിയേകിയ പുലിക്കളി കാണാൻ ആയിരങ്ങളാണ് തൃശൂരിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പുലിക്കളിയിൽ നഗരം പുലികൾ കീഴടക്കിയിരിക്കുകയാണ്. യുവജനക്ഷേമ കായിക മന്ത്രി ഒ ജെ ജനീഷാണ് പുലിക്കളിക്ക് ഫ്ലാഹ് ഓഫ് നടത്തിയത്. 9 സംഘങ്ങളിലായി 450 ഓളം പുലികളാണ് ഇത്തവണ പൂരനഗരിയെ ആവേശത്തിലാറാടിക്കുന്നത്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങി ആവേശം പകരുന്നുണ്ട്. ഓരോ സംഘത്തിലും 50 ലധികം പുലികളാണ് അണിനിരക്കുന്നത്. ഇവർക്കൊപ്പം നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്ക് അഴകേകുകയാണ്. തൃശൂർ സ്വരാജ് റൗണ്ടിൽ തുടങ്ങിയ പുലിക്കളിയിൽ ശരീരത്തിൽ പുലിയുടെയും കടുവയുടെയും മാതൃകകൾ ചായം പൂശി, മണി കെട്ടിയ അരപ്പട്ടയും അണിഞ്ഞ് തകിലടിയുടെയും ചെണ്ടമേളത്തിന്റെയും താളത്തിനൊത്ത് പുലിവേഷധാരികൾ തുള്ളിയുറയുന്ന കാഴ്ച അത്രേമേൽ ആവേശമാണ് പകരുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ മഹാമഹത്തിന് സാക്ഷ്യം വഹിക്കാനായി പൂരനഗരിയിൽ എത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാരൂപം തൃശൂരിന്റെ സാംസ്കാരിക തനിമയുടെയും ഓണാഘോഷങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത പ്രധാന ആകർഷണമാണ്. മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. സമഗ്ര കവറേജുമായി ഏഷ്യാനെറ്റ് ന്യൂസും ഈ ആവേശം കേരളമാകെ എത്തിക്കുകയാണ്.
ആയിരങ്ങൾ ഒഴുകിയെത്തി
സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് പുലിക്കളി കാണാനായി ഒഴുകിയെത്തിയിരിക്കുന്നത്. തൃശൂര്‍ നഗരവീഥിയാകെ പുലിത്താളത്തിന്‍റെ ആവേശം വിതറിയാണ് ഒരോ സംഘങ്ങളും സ്വരാജ് റൗണ്ടിലൂടെ ചുവടുവെച്ച് മുന്നോട്ടുപോകുന്നത്. എല്ലാവർഷത്തെയും പോലെ പല നിറത്തിൽ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും തൃശൂരിനെ ആവേശത്തിൽ ആറാടിക്കുന്നത്. പ്രായഭേദമന്യേ നിരവധിപേരാണ് പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാൽ പുലികളി സമാജം , വിയ്യൂർ യുവജന സംഘം , ശങ്കരങ്കുളങ്ങര ദേശം , വെളിയന്നൂർ, പാട്ടുരായ്ക്കൽ എന്നിങ്ങനെ 9 പുലിമടകളിൽ എണ്ണം പറഞ്ഞ പുലികളാണ് നഗരം കീഴടക്കിയിരിക്കുന്നത്.
അവധിയും ഗതാഗത നിയന്ത്രണവും
അതേസമയം പുലിക്കളി മഹോത്സവത്തോട് അനുബന്ധിച്ച് തൃശൂർ താലൂക്ക് പരിധിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയാണ്. കൂടാതെ, സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം അവധിയാണ്. ഇതിനൊപ്പം തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് മണി മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണമാണ്. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിച്ചിട്ടില്ല. പാർക്കിങ്ങിനായി 30 ഓളം സ്ഥലങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

