കിറ്റെക്സ് വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം; കേരളം നിക്ഷേപസൗഹൃദമെന്ന് മുഖ്യമന്ത്രി

By Asianet MalayalamFirst Published Jul 4, 2021, 2:51 PM IST
Highlights

മലിനീകരണ നിയന്ത്രണത്തിൽ കിറ്റെക്സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഉദ്യോഗസ്ഥർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് കൈമാറി.

തിരുവനന്തപുരം/കൊച്ചി: കിറ്റെക്സ് വിവാദം കത്തി നിൽക്കെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കേരള സർക്കാർ എപ്പോഴും വ്യവസായങ്ങൾക്ക്‌ പിന്തുണ നൽകുന്നുവെന്ന ആർപിജി എന്‍റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്കയുടെ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ മലിനീകരണ നിയന്ത്രണത്തിൽ കിറ്റെക്സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഉദ്യോഗസ്ഥർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് കൈമാറി.

ഹാരിസൺസ് മലയാളം ലിമിറ്റഡ്, ടയർ നിർമാണ കമ്പനിയായ സിയറ്റ് അടക്കം ഇന്ത്യയിലെ പതിനഞ്ചോളം വമ്പൻ സംരംഭങ്ങളുടെ നടത്തിപ്പുകാരായ ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്കയുടെ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഹർഷ് ഗോയങ്കയുടെ നല്ല വാക്കുകൾക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് വ്യക്തമാക്കി. നൂതന വ്യവസായങ്ങളുടെ  സുസ്ഥിരമായ നിലനിൽപ്പ് സർക്കാർ ഉറപ്പാക്കും. ഏൽഡിഎഫ് സർക്കാർ ഈ നയം തുടരുമെന്നുമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. 

കിറ്റെക്സ് ഗ്രൂപ്പ് 3500 കോടിരൂപയുടെ പദ്ധതി ഉപേക്ഷിക്കാൻ കാരണം സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന്‍റെ പീഡനം മൂലമാണെന്ന് ആരോപിച്ചുള്ള ലേഖനം സാന്പത്തിക വിദഗ്ധ ഷമിക രവി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഹർഷ് ഗോയങ്കയുടെ പ്രതികരണം. മുഖ്യമന്ത്രിയും ട്വീറ്റിന് മറുപടി നൽകിയതോട കിറ്റെക്സ് വിവാദം ദേശീയ ശ്രദ്ധ ആകർഷിക്കുകയാണ്. കിറ്റെക്സ് വിവാദത്തിൽ സർക്കാർ മറുപടി പറയണമെന്നും കുന്നത്തുനാട് എംഎൽഎ കിറ്റെക്സിന്‍റെ പ്രൊഡക്റ്റ് ആണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രണ്ടാം പിണറായി സർക്കാർ വ്യവസായ സൗഹൃദമാകണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇതിനിടെ കിറ്റെക്സിലെത്തി സാബു എം ജേക്കബുമായി ചർച്ച നടത്തിയ ഉദ്യോഗസ്ഥർ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. കിറ്റെക്സ് മാനേജ്മെന്‍റിന്‍റെ പരാതികളാണ് പ്രധാനമായും റിപ്പോർട്ടിലുള്ളത്. നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള അവസരം കിറ്റെക്സിന് നൽകണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കിറ്റെക്സ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. കിറ്റെക്സിന് വ്യവസായം നടത്താൻ അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനിടെ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കിറ്റെകെസ് കന്പനിയിലെ ജീവനക്കാർ നാളെ ഓഫീസിന് മുന്നിൽ പ്രതിഷേധമിരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!