നിയമസഭയിൽ ചര്‍ച്ചയായി ലോകായുക്ത; അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു, പ്രതിപക്ഷം ഇറങ്ങി പോയി

Published : Feb 22, 2022, 12:21 PM IST
നിയമസഭയിൽ ചര്‍ച്ചയായി ലോകായുക്ത; അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു, പ്രതിപക്ഷം ഇറങ്ങി പോയി

Synopsis

ഭരണഘടനാ വിരുദ്ധം എന്ന് നിയമ മന്ത്രി പറഞ്ഞത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ്, ലോകയുക്തയെ ഇനി പിരിച്ചു വിടൂ, ഇനി എന്തിനാണ് ലോകയുക്ത എന്നും ചോദിച്ചു. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും സതീശന്‍ വിമര്‍ശിച്ചു.

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിക്കെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപെടുത്താനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ട് വരുന്നതാണ് ശരിയായ നടപടി എന്ന് സ്പീക്കർ പ്രതികരിച്ചു. വിഷയം അടിയന്തിര പ്രമേയം ആയി ഉന്നയിക്കുന്നത് ഉചിതമല്ല. പ്രശ്‍നം കോടതിയുടെ പരിഗണനയിലും ആണെന്നും സ്പീക്കർ പറഞ്ഞു.

നിയമ മന്ത്രിപി രാജീവാണ് നോട്ടീസിൽ മറുപടി നൽകിയത്. ഗവർണ്ണർ ഒപ്പിട്ട ഓർഡിനൻസ് അടിയന്തിര പ്രമേത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കുമെന്ന് പി രാജീവ് മറുപടി പറഞ്ഞു. പ്രശ്‍നം ചർച്ച ചെയ്യുന്നതിനു സർക്കാരിന് ഭയം ഇല്ല. ലോകയുക്തയുടെ ഒരു അധികാരവും എടുത്ത് കളഞ്ഞിട്ടില്ല. ലോകയുക്ത നിയമത്തിലെ വിചിത്ര വകുപ്പായിരുന്നു 14 ആം വകുപ്പ്. അത് കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നത്. രാജ്യത്ത് ഒരിടത്തും നിലവിലില്ലാത്ത നിയമമായിരുന്നു ഇതെന്നും ലോകയുക്ത നിയമ ഭേദഗതിയെ  നിയമ മന്ത്രി ന്യായീകരിച്ചു. അഴിമതിക്കെതിരെ എന്നും ഇടത് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

ലോകയുക്ത ഭേദഗതി ആദ്യം കാനത്തെ ബോധ്യപ്പെടുത്തൂവെന്ന് സണ്ണി ജോസഫ് എംഎല്‍എ പരിഹസിച്ചു. അടിമുടി അഴിമതിയാണ് നടക്കുന്നത്. സർവകലാശാല പരീക്ഷ നടത്തിപ്പിൽ പോലും ഇടത് നേതാക്കൾ കാശ് വാങ്ങുകയാണ്. ട്രഷറിയിൽ ഇടത് നേതാക്കൾ തട്ടിപ്പ് നടത്തുന്നു. കൊവിഡ് കാലം പോലും കൊള്ളക്ക് സർക്കാർ അവസരം ആക്കി. അഴിമതി അഴിഞ്ഞാടുമ്പോഴാണ് സർക്കാർ ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ട് വന്നത്. ലോകായുക്തയെ നേരത്തെ ചിന്ത വാരികയിൽ പിണറായി പുകഴ്ത്തിയിരുന്നെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. പുതിയ ചിന്തയിലേക്ക് പിണറായി വരാൻ കാരണം എന്താണെന്നും സണ്ണി ജോസഫ് ചോദിച്ചു. ലോകായുക്തയുടെ കടി കൊണ്ട ആൾ ഇപ്പോഴും പുളയുകയാണ്. ലോകയുക്ത ഭേദഗതിയുടെ ഉദ്ദേശ ശുദ്ധി സംശയകരമാണെന്നും ലോകയുക്ത വിധിയിൽ അപ്പീൽ അനുവദിക്കണം സണ്ണി പറഞ്ഞു.

പ്രതിപക്ഷത്തെ പരിഹസിച്ച് നിയമ മന്ത്രി

ഒരു സ്റ്റാട്യൂട്ടറി സ്ഥാപനത്തിന് ഭരണ ഘടന സംവിധാനത്തെ മറി കടക്കാൻ കഴിയുമോ എന്നതാണ് ലോകയുക്ത ഭേദഗതിയിലെ ചോദ്യമെന്ന് രാജീവ് മറുപടി നല്‍കി. ഏതെങ്കിലും നിയമം കാലഹാരണപെട്ടു എന്ന് കണ്ടാൽ അത് ഭേദഗതി ചെയ്യാൻ നിയമസഭക്ക് അധികാരം ഉണ്ട്. ഓർഡിനൻസിന് പകരം ബിൽ വരുമ്പോൾ ചർച്ച ആകാം. നിങ്ങളുടെ തർക്കം തീർത്തിട്ട് ഞങ്ങളുടെ തർക്കം ഉന്നയിക്കാം എന്ന് രാജീവ് പ്രതിപക്ഷത്തെ പരിഹസിച്ചു. ചെന്നിത്തല സഭയിൽ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാജീവിന്‍റെ പരിഹാസം. നിരാകരണ പ്രമേയം കൊണ്ട് വരും എന്ന് പറഞ്ഞ ആളെ കാണുന്നില്ല എന്ന് രാജീവ് പരിഹസിച്ചു.

പ്രതിപക്ഷം ഇറങ്ങി പോയി

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. ഞങ്ങൾക്ക് ഒപ്പം നിന്നാൽ അഴിമതിക്ക് കുട പിടിക്കാം എന്ന സന്ദേശം ആണ് ലോകായുക്ത ഓർഡിനൻസ് നൽകുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. 22 വർഷത്തിന് ശേഷം ലോകയുക്തയേ സർക്കാട് കഴുത്തു ഞെരിച്ചു കൊല്ലുന്നു. മറ്റ് ഒരു സംസ്ഥാനത്തും ഇല്ലാത്തതാണ് പ്രശ്‍നമെങ്കിൽ ഭൂ പരിഷ്ക്കരണ നിയമം റദ്ദ് ചെയ്യുമോ എന്നും സതീശന്‍ ചോദിച്ചു. നിയമ സഭ കൂടാൻ തത്വത്തിൽ തീരുമാനിച്ചിട്ടും എന്തിനാണ് ഇത്ര തിരക്കിട്ട് കൊണ്ട് വന്നത്. മുഖ്യമന്ത്രിക്ക് എതിരായ കേസുകൾ ലോകായുക്തയിൽ ഉള്ളതിന്റെ ഭയം കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകായുക്തയെ കുറിച്ച് ആദ്യം  സിപിഐയേ സർക്കാർ ബോധ്യപ്പെടുത്തൂ എന്നും സതീശന്‍ പരിഹസിച്ചു. ഭരണ ഘടനാ വിരുദ്ധം എന്ന നിയമ മന്ത്രിയുടെ വാദം തെറ്റാണ്. നിയമ സഭ പാസ്സാക്കിയ നിയമം ഭരണ ഘടനാ വിരുദ്ധം എന്ന് പറയാൻ കോടതിക്ക് മാത്രംമാണ് അധികാരം. മന്ത്രിക്കും നിയമസഭക്കും പാർലമെന്റിനും ഇക്കാര്യത്തില്‍ അധികാരമിലല്ലെന്ന് സതീശന്‍ പറഞ്ഞു.
ഭരണഘടനാ വിരുദ്ധം എന്ന് നിയമ മന്ത്രി പറഞ്ഞത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ്, ലോകയുക്തയെ ഇനി പിരിച്ചു വിടൂ, ഇനി എന്തിനാണ് ലോകയുക്ത എന്നും ചോദിച്ചു. ഇഷ്ടം ഉള്ളവരെ ചേർത്തു നിർത്താൻ ലോകയുക്ത നിയമത്തിൽ വെള്ളം ചേർത്തു. യെച്ചുരി വരെ ലോകയുക്തയെ പുകഴ്ത്തിയിരുന്നു. പിന്നെ മുഖ്യമന്ത്രി എന്തിനാണ് പേടിക്കുന്നത്. നാല് കേസ് വന്നപ്പോൾ എന്തിനു പേടിക്കുന്നു. ഒരു വശത്ത് ഭേദഗതി കൊണ്ട് വരുന്നു. മറു വശത്തു ജലീലിനെ വിട്ട് ലോകയുക്തയെ അധിക്ഷേപിക്കുന്നു. മുഖ്യമന്ത്രി ഇടപെട്ട് എന്തുകൊണ്ട് ഇത്  തടഞ്ഞില്ല. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും സതീശന്‍ വിമര്‍ശിച്ചു.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി