ശിവൻകുട്ടിയുടെ രാജിയാവശ്യത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധം; ചോദ്യോത്തരവേളയടക്കം ബഹിഷ്കരിച്ച് പ്രതിപക്ഷം.

By Web TeamFirst Published Jul 30, 2021, 9:55 AM IST
Highlights

സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചതെന്നും മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി. 

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. ചോദ്യോത്തരവേളയടക്കം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു . വിധിയെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആവർത്തിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും രാജിയെന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശിവൻകുട്ടിയുട രാജിക്കായി ഇന്ന് സഭയിൽ കൂടുതൽ കടുപ്പിച്ച് പ്രതിപക്ഷം ചോദ്യോത്തരവേളമുതൽ തുടങ്ങി പ്രതിഷേധം. മരംമുറിയിലെ ചോദ്യം ചോദിക്കാതെ പ്രതിപക്ഷ അംഗങ്ങൾ പ്രതിപക്ഷനേതാവിന് സംസാരിക്കാൻ അവസരം തേടി. ആവശ്യം ഒന്ന് മാത്രം, മന്ത്രിയുടെ രാജി. ഇന്നലെത്തപ്പോലെ ഇന്നും ശിവൻകുട്ടിക്ക് മുഖ്യമന്ത്രിയുടെ പരിപൂർണ്ണ പിന്തുണയാണ് ലഭിച്ചത്. രാജി തള്ളിയതോടെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചിറങ്ങി. സഭാ കയ്യാങ്കളിയാണ് വിഷയമെന്നതിനാൽ നടുത്തളത്തിലേക്കിറങ്ങാതെയായിരുനനു ഇന്നും പ്രതിഷേധം,

സഭയിലെ സംഭവങ്ങൾ സഭയിൽ തന്നെ തീർക്കുന്നതാണ് കീഴ് വഴക്കമെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാദത്തെ തെറ്റെന്ന് പ്രതിപക്ഷനേതാവ്. 70ൽ കേരള നിയമസഭയിലെ കയ്യാങ്കളി തടയാനെത്തിയ സിഐയെ എംഎൽഎമാർ മർദ്ദിച്ചതിൽ കേസെ് കൊടുക്കാൻ സ്പീക്ക‌ർ സിഐക്ക് അനുമതി നൽകിയെന്ന് സതീശൻ. മഹാരാഷ്ട്രാ നിയമസഭയിൽ സ്പീക്കറുടെ മൈക്ക് തട്ടിയെറിഞ്ഞ അംഗത്തെ കോടതി ശിക്ഷിച്ചതും ചൂണ്ടിക്കാട്ടി. ശിവൻകുട്ടിയുടെ രാജിക്കായി നിയമസഭക്ക് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. 

പനി മൂലം ഇന്നും മന്ത്രി സഭയിലെത്തിയിരുന്നില്ല.ശിവൻകുട്ടി അടക്കമുള്ള പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്ന ഒൻപത് മുതൽ തിരുവനന്തപുരം സിജെഎം കോടതിയിൽ തുടർനടപടികൾ തുടങ്ങും. സർക്കാർ പ്രതികൾക്കൊപ്പം നിലയുറപ്പിക്കുമ്പോൾ പ്രോസിക്യൂഷൻ എന്ത് നിലപാടെടുക്കുമെന്നത് പ്രധാനമാണ്
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!