പ്രതിപക്ഷം വികസനം തടയാൻ ശ്രമിക്കുന്നു; മസാല ബോണ്ട് വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

By Web TeamFirst Published Apr 8, 2019, 11:41 AM IST
Highlights

നാടിന്‍റെ വികസനം തടയലാണ് ചെന്നിത്തലയുടേയും ബിജെപിയുടേയും ലക്ഷ്യം.കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നത്. പക്ഷേ എന്ത് വിവാദം ഉയർത്തിയാലും വികസനം മുടക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരൂർ: സംസ്ഥാനത്തിന്‍റെ വികസനം തടയാനാണ് മസാല ബോണ്ട് വിവാദമാക്കാൻ ശ്രമിക്കുന്നതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരൂരിൽ പി വി അൻവറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞത്. 

സംസ്ഥാന സർക്കാരിന് ഫണ്ട് ലഭ്യമാക്കാനുള്ള വിവിധ പരിപാടികളിലൊന്നാണ് മസാല ബോണ്ട്. കിഫ്ബി നേരിട്ട് ധനകാര്യ സ്ഥാപനവുമായി വില പേശിയിട്ടല്ല മസാല ബോണ്ടിന്‍റെ വിലയും പലിശയും തീരുമാനിക്കുന്നത്. അതിന് നിയതമായ മാർഗ്ഗങ്ങളും മാനദണ്ഡങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സ്റ്റോക് എക്സ്ചേഞ്ച് വഴിയാണ് ഫണ്ട് ശേഖരിക്കുന്നത്. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിലും മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നു എന്നത് നേട്ടമാണ്. ലോകത്തെ ഏറ്റവും മികച്ച സ്റ്റോക് എക്സ്ചേഞ്ച് ആണത്. കനേഡിയൻ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന 21 ലക്ഷം കോടി രൂപ ആസ്തിയുള്ള കമ്പനിയാണ് സിഡിപിക്യു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ആ കമ്പനി കിഫ്ബി മുന്നോട്ടുവച്ച വ്യവസ്ഥകൾ അനുസരിച്ച് ഫണ്ട് തരാൻ തയ്യാറായി. സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നത് സ്റ്റോക് എക്സ്ചേഞ്ചുമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവും ബിജെപിയും ചേർന്ന് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതേ കമ്പനി എസ്എൻസി ലാവലിന് ഫണ്ട് കൊടുത്തു എന്നാണ് ആരോപണം. എസ്ബിഐയുമായി സംസ്ഥാന സർക്കാരിന് ഇടപാടുണ്ട്. എസ്ബിഐക്ക് നീരവ് മോദിയുമായും ഇടപാടുണ്ട്. അതിന്‍റെ അർത്ഥം സംസ്ഥാന സർക്കാരും നീരവ് മോദിയും തമ്മിൽ ഇടപാടുണ്ട് എന്നാകുമോ എന്ന് പിണറായി ചോദിച്ചു. നാടിന്‍റെ വികസനം തടയലാണ് ചെന്നിത്തലയുടേയും ബിജെപിയുടേയും ലക്ഷ്യം. പക്ഷേ എന്ത് വിവാദം ഉയർത്തിയാലും വികസനം മുടക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്രതീക്ഷിതമായ മഹാപ്രളയത്തെ നല്ല ഐക്യത്തോടെയും ഒരുമയോടെയുമാണ് കേരളം നേരിട്ടത്. പ്രളയകാലത്തെ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ വ്യാപകമായി അംഗീകരിക്കപ്പെട്ടത് നാട്ടിലെ ചില പ്രത്യേക മാനസികാവസ്ഥയുള്ളവർക്ക് ഇഷ്ടമായില്ല. അതുകൊണ്ട് അവർ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവർ എന്ന് താൻ പറഞ്ഞതിനെ 'മാനസിക രോഗികൾ' എന്ന് വിളിച്ചു എന്ന് വരുത്തിത്തീർക്കാനാണ് മനോരമ കുറേ ദിവസമായി പ്രചാരണം നടത്തുന്നത്. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പിണറായി പറഞ്ഞു. പ്രതിപക്ഷത്തിന് കള്ളങ്ങൾ സൃഷ്ടിച്ചുകൊടുത്ത് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ലേഖകൻമാർ എഴുതുമ്പോൾ തെറ്റിപ്പോയേക്കാം, പക്ഷേ താൻ പറഞ്ഞതെല്ലാം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകുമല്ലോ എന്നും പിണറായി ചോദിച്ചു. ആരെയെങ്കിലും മാനസികരോഗി എന്ന് താൻ വിളിച്ചതിന് തെളിവുണ്ടെങ്കിൽ പ്രദർശിപ്പിക്കൂ എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

click me!