തൊടുപുഴയിൽ മർദ്ദനമേറ്റ് മരിച്ച ഏഴുവയസുകാരന്റെ അമ്മയും അനുജനും അഭയകേന്ദ്രത്തിൽ

By Web TeamFirst Published Apr 8, 2019, 10:59 AM IST
Highlights

കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്കാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും അനുമതിയോടെ ഇവരെ എത്തിച്ചത്. 

തൊടുപുഴ: ക്രൂരമർദ്ദനമേറ്റ് മരിച്ച എഴുവയസുകാരന്റെ അമ്മയുടെ മൊഴി മജിസ്റ്റ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിച്ചതായി അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു. നേരത്തെ അശുപത്രിയിൽ എത്തി ഇവരുടെ മൊഴി എടുത്തിരുന്നുവെങ്കിലും വി​ശ​ദമായി രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

മകനെ ക്രൂരമായി മർദ്ദിച്ച സുഹൃത്ത് അരുൺ ആനന്ദിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം യുവതി സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട് പൊലീസിന് മുന്നിൽ ഇയാൾക്കെതിരെ തിരിയുകയായിരുന്നു. ഭയം മൂലമാണ് കുട്ടിയെ ഉപദ്രവിക്കുന്നത് തടയാതിരുന്നത് അടക്കമുള്ള സ​ഹ​താ​പാ​ർ​ഹ​മാ​യ നിലപാട് ഇവർ എടുത്തതോടെയാണ്  അരുണിനെതിരെ ‌ മാത്രം കേസെടുത്തത്.  

ആശുപത്രിയിൽ വെച്ച് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ കുട്ടികളെയും തന്നെയും അരുൺ മർദ്ദിച്ചിരുന്നതായി യുവതി മൊഴി നല്‍കിയിരുന്നു. അതേസമയം ഏഴുവയസ്സുകാരന്റെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം അ​മ്മ​യെ​യും അനുജനെയും അമ്മൂമ്മയെയും ക​ട്ട​പ്പ​ന​യി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ ​മാ​റ്റി. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്കാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും അനുമതിയോടെ ഇവരെ എത്തിച്ചത്. ഗാർഹിക പീഡനത്തിന് ഇരകളായ സ്ത്രീകൾക്ക് താൽക്കാലിക അഭയം കൊടുക്കുന്ന കേന്ദ്രമാണിത്. സാധാരണ 7 ദിവസം വരെയാണ് ഇവിടെ പാർപ്പിക്കുക. 
 
എന്നാൽ, ഏഴുവയസുകാരന്‍റെ അനുജനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ അച്ഛന്‍റെ പിതാവ് ശിശുക്ഷേമ സമിതിയെ സമീപിച്ചിരുന്നു. നിലവില്‍ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് ശിശുക്ഷേമസമിതിക്ക് നല്‍കിയ കത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ ചൂണ്ടിക്കാട്ടുന്നു. മുത്തച്ഛന്‍റെ കത്ത് ലഭിച്ചതായും തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരം യൂണിറ്റില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.
 

click me!