
തിരുവനന്തപുരം: വികസന സംവാദനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങൾക്ക് മുന്നിലെങ്കിലും എത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ വികസന സംവാദത്തിനായി മുഖ്യമന്ത്രിയെ ആരും കാത്തിരിക്കേണ്ട എന്നും ആരുമായും ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി വിഎൻ വാസവൻ മറുപടി നൽകി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിഷമിക്കുകയാണെന്നും വി എൻ വാസവൻ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയും മന്ത്രി വാസവന്റെ മറുപടിയും.
അതേ സമയം മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പിയും രംഗത്തെത്തി. കോടികള്‍ കുമിഞ്ഞു കൂടുന്ന മുഖ്യമന്ത്രിയുടെ ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദിനംപ്രതി പുറത്തുവന്നിട്ടും അതിനോടൊന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണെന്ന് സുധാകരന്‍ വിമർശിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും മാത്യുകുഴല്‍ നാടന്‍ എം എൽ എ കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയതിന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് സി പി എമ്മും ആഭ്യന്തര വകുപ്പും.
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്
സി പി എം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നൽകിയെന്ന് മാത്രമല്ല, തന്റെ വരുമാനവും സ്വത്തുക്കളും ജനങ്ങളുടെ മുന്നില്‍ പരിശോധിക്കാമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളതുമാണ്. എന്നിട്ടും മാത്യുവിനെ വ്യക്തിഹത്യ നടത്തിയും കേസെടുത്തും ഇല്ലായ്മ ചെയ്യാമെന്ന് സി പി എം കരുതുന്നെങ്കില്‍ മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ലെന്ന യാഥാര്‍ത്ഥ്യം സി പി എം തിരിച്ചറിയണം. അദ്ദേഹത്തെ വേട്ടയാടാന്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും സിപിഎമ്മും ഇറങ്ങിത്തിരിച്ചാല്‍ അതേ നാണയത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തും പ്രതിഷേധാഗ്നിയുടെ ചൂടും സി പി എമ്മും സര്‍ക്കാരും അറിയാന്‍ പോകുന്നതേയുള്ളുവെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
2024 ലെ രാഹുലിൻ്റെ 'സ്ഥാനാർത്ഥിത്വം' പ്രഖ്യാപിച്ച് പിസിസി അധ്യക്ഷൻ, ഉടനടി പ്രതികരിച്ച് എഐസിസി